കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പെൺകുട്ടി മൊഴി മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി വനിത കമ്മീഷൻ. പെൺകുട്ടി മൊഴി മാറ്റിയത് ഏത് സാഹചര്യത്തിലാണെന്നും എന്തിനാണെന്നും വിശദമായി അന്വേഷിക്കണമെന്നും വനിത കമ്മീഷൻ പറഞ്ഞു. ഇക്കാര്യത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ കമ്മീഷൻ കൗൺസിലിങ് സമയത്ത് പോലും കാര്യങ്ങൾ കൃത്യമായി പറഞ്ഞ പെൺകുട്ടി എന്തിനാണ് മൊഴി മാറ്റിയത് എന്ന് വ്യക്തമല്ല. വിശദമായി അന്വേഷിക്കണമെന്നും വനിത കമ്മീഷൻ ആവശ്യപ്പെട്ടു.
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ അന്വേഷണ സംഘം ഒരാഴ്ചക്കുള്ളിൽ കുറ്റപത്രം നൽകും. ഒന്നാംപ്രതി നാടുവിട്ടു എന്ന് കാണിച്ചായിരിക്കും കുറ്റപത്രം നൽകുക. അതേസമയം, മൊഴിമാറ്റം കേസിനെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. കേസ് റദ്ദാക്കാനുള്ള സത്യവാങ്മൂലം ഒപ്പിട്ട് നൽകിയിരിക്കുകയാണ് പരാതിക്കാരി. തുടർനടപടിക്കായി പ്രതിഭാഗം ഹൈക്കോടതിയിലേക്ക് പോകും. യുവതിയുടെ മൊഴിമാറ്റത്തിന് പിന്നിൽ ഭീഷണിയോ പ്രലോഭനങ്ങളോ ഉണ്ടായിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ മകൾ ആരുടെയോ സമ്മർദം നേരിടുന്നുണ്ടെന്നാണ് അച്ഛൻ്റെ പ്രതികരണം. യുവതിയെ കാണാനില്ലെന്ന പരാതിയിൽ വടക്കേക്കര പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
إرسال تعليق