Join News @ Iritty Whats App Group

കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരിയുടെ പിടിയിലാകുമോ ലോകമെന്ന ആശങ്കയില്‍ ശാസ്ത്രലോകം ; ജപ്പാനില്‍നിന്നുള്ള സ്‌ട്രെപ്‌ടോകോക്കല്‍ ടോസിക് ഷോക്ക് സിന്‍ഡ്രോം ആശങ്കയാകുന്നു


കൊച്ചി : കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരിയുടെ പിടിയിലാകുമോ ലോകമെന്ന ആശങ്കയില്‍ ശാസ്ത്രലോകം. ജപ്പാനില്‍നിന്നുള്ള സ്‌ട്രെപ്‌ടോകോക്കല്‍ ടോസിക് ഷോക്ക് സിന്‍ഡ്രോം (എസ്.ടി.എസ്.എസ്.) റിപ്പോര്‍ട്ട് വന്നതോടെയാണ് ആശങ്ക കൂടിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയോളം ആണ് ഈ വര്‍ഷം ഇതു വരെയുണ്ടായത്.

2022 മുതല്‍ വിവിധ രാജ്യങ്ങളില്‍ തലപൊക്കിത്തുടങ്ങിയ എസ്.ടി.എസ്.എസ്. ജപ്പാനില്‍ സമീപകാലത്ത് ഒട്ടേറെപ്പേരുടെ ജീവന്‍ കവരുകയും ചെയ്തു. രോഗം ബാധിച്ച 100 ല്‍ 30 പേരെങ്കിലും മരണപ്പെടുന്നുവെന്നതാണ് ഈ രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നത്. രോഗം ബാധിച്ചാല്‍ 72 മണിക്കൂറിനുള്ളില്‍ മരണമുണ്ടായേക്കാം. തൊണ്ടവേദനയുടെ പ്രധാന കാരണമായ ഗ്രൂപ്പ് എ ബാക്ടീരിയയായ സ്‌ട്രെപ്‌ടോകോക്കസ് മൂലം അപൂര്‍വമായി മാത്രം ഉണ്ടാകുന്ന മാരകമായ രോഗമാണ് എസ്.ടി.എസ്.എസ്. എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം റിസര്‍ച്ച് സെല്‍ ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍ ചൂണ്ടിക്കാട്ടുന്നു.

ജപ്പാനു പുറമേ, ഫ്രാന്‍സ്, യു.കെ തുടങ്ങിയ വികസിത രാജ്യങ്ങളിലും രോഗബാധ കാര്യമായിത്തന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഇതുവരെ കണ്ടതായി ഔദ്യോഗിക റിപ്പോര്‍ട്ടുകളില്ല. അതിനര്‍ഥം ഇത് രാജ്യത്തില്ല എന്നല്ലെന്നും കടുത്ത പനി വന്ന ശേഷം പെട്ടെന്നു വഷളായി ഉണ്ടാകുന്ന മരണങ്ങളും മറ്റും ഇതുമൂലമാണോയെന്നു പരിശോധിച്ചറിയേണ്ടതാണെന്നും ഡോ. രാജീവ് ജയദേവന്‍ വ്യക്തമാക്കി.കോവിഡിനു സമാനമായ സാഹചര്യമുണ്ടാകുമോ എന്നാണ് ചിലരില്‍ ആശങ്ക.

പക്ഷേ, മാരകമാണെങ്കിലും കൊറോണ വൈറസിന്റേതുപോലെ അത്ര വ്യാപനശേഷി ഇതിനില്ലെന്നും അദ്ദേഹംപറഞ്ഞു. മാത്രമല്ല, അണുബാധ ഉള്ള എല്ലാവര്‍ക്കും ഈ രോഗം പിടിപെടുന്നുമില്ല. തൊലിയിലൂടെയും മുറിവിലൂടെയുമാണ് രോഗാണു ഉള്ളില്‍ കടക്കുന്നത്. ശരീരത്തില്‍ കടക്കുന്ന ബാക്ടീരിയ ചില വിഷാംശങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് അതിവേഗത്തില്‍ ശരീരത്തിലെ വിവിധ അവയവങ്ങളെ തകരാറിലാക്കി മരണത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. രോഗം പ്രായമായവരിലും കുഞ്ഞുങ്ങളിലും ചെറുപ്പക്കാരിലും ഒരു പോലെ പിടിപെടാവുന്നതാണ്.

പ്രതിരോധം: സ്‌ട്രെപ്‌റ്റോകോക്കസ് മൂലമുള്ള തൊണ്ടവേദന, ചര്‍മത്തില്‍ ഉണ്ടാകുന്ന പഴുപ്പ് തുടങ്ങി പലവിധ രോഗങ്ങളും ഉള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണം. വ്യക്തിശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക, പൊതുസ്ഥലത്തു പോയി വന്ന ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക എന്നിവ വിവിധ രോഗപ്രതിരോധ മാര്‍ഗങ്ങളാണ്. ജലദോഷം, ചുമ എന്നിവയുള്ളവരുമായുള്ള ഹസ്തദാനം പരമാവധ ഒഴിവാക്കണമെന്നും ഡോ. ജയദേവന്‍ നിര്‍ദേശിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group