Join News @ Iritty Whats App Group

സൗദിയിൽ നിന്ന് സന്തോഷ വാർത്ത! ദയാധനം കൈമാറി, അനന്തരാവകാശികൾ കരാറിൽ ഒപ്പിട്ടു; റഹീമിൻ്റെ മോചനം ഇനി വേഗത്തിലാകും


റിയാദ്: കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ സൗദി ജയിലിൽ നിന്നും മോചിപ്പിക്കാനായി ഒരേ മനസാൽ പ്രാർത്ഥിച്ച മലയാളികൾക്ക് സൗദിയിൽ നിന്നൊരു സന്തോഷ വാർത്ത. അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള അനുരഞ്ജന കരാറിൽ എതിർഭാഗത്തുള്ളവർ ഒപ്പിട്ടു എന്നതാണ് സന്തോഷ വാർത്ത. ഇതോടെ റഹീമിന്‍റെ മോചനത്തിനുള്ള നടപടികൾ വേഗത്തിലാകും. ദയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്ക് റഹീമിന് വേണ്ടി സൗദി ഗവർണറേറ്റിന് കൈമാറിയതിന് പിന്നാലെയാണ് അനസിന്‍റെ അനന്തരാവകാശികൾ അനുരഞ്ജന കരാറിൽ ഒപ്പ് വെച്ചത്. ഇരുവിഭാഗവും ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥർ സാക്ഷിയായി കരാറിൽ ഒപ്പ് വെച്ചതോടെ റഹീമിന്‍റെ മോചനം യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്.

അനുരഞ്ജന കരാറിൽ ഒപ്പിട്ട് കഴിഞ്ഞതിനാൽ ഇനി കോടതി നിർദേശം അനുസരിച്ച് ഒറിജിനൽ ചെക്ക് ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിലോ കോടതിയിലോ സമർപ്പിക്കും. ഇതോടെ രേഖാമൂലമുള്ള എല്ലാ ഇടപാടുകളും അവസാനിക്കും. തുടർന്ന് കോടതി നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും മോചനവുമായി ബന്ധപ്പെട്ട അടുത്ത പടി മുന്നോട്ട് പോകുകയെന്ന് റിയാദ് സഹായ സമിതി നേരത്തെ അറിയിച്ചിട്ടുണ്ട്. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് കൊല്ലപ്പെട്ട അനസിന്റെ കുടുംബത്തിന് നൽകാനുള്ള ദിയ ധനമായ ഒന്നര കോടി സൗദി റിയാൽ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്.

Post a Comment

أحدث أقدم
Join Our Whats App Group