Join News @ Iritty Whats App Group

വോട്ട് കൂട്ടുന്ന ‘ശോഭാ മാജിക്ക്’; പാലക്കാട് താമര വിരിയിക്കാൻ ശോഭയെ ഇറക്കാൻ ബിജെപിയിൽ ആലോചന


പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രനെ രംഗത്തിറക്കാൻ ആലോചന. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിലെ മികച്ച പ്രകടനമാണ് ശോഭയെ വീണ്ടും മല്‍സരരംഗത്തിറക്കാന്‍ ബിജെപി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. തീരുമാനത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിർണായകമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയില്‍ ബിജെപിയുടെ പ്രതീക്ഷയ്ക്കപ്പുറം 11.08ശതമാനം വോട്ടുവിഹിതമാണ് ശോഭ വർധിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും അതിന് മുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലിലും ശോഭാസുരേന്ദ്രന്‍ വന്‍തോതില്‍ ബിജെപിയുടെ വോട്ടുവിഹിതം വര്‍ധിപ്പിച്ചിരുന്നു. ലോക്സഭയില്‍ മല്‍സരിച്ച സി കൃഷ്ണകുമാര്‍ സന്ദീപ് വാരിയര്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭ മത്സരിച്ചത് ആറ്റിങ്ങലിലായിരുന്നു. ശബരിമല വിഷയം കത്തിനിന്ന ആ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതത്തിലും വർധനയുണ്ടായി. മുൻ തിരഞ്ഞെടുപ്പിൽ എസ് ഗിരിജകുമാരി നേടിയ 90528 വോട്ടുകൾ ശോഭ 248081 വോട്ടായി ഉയർത്തി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലാണ് ശോഭയെ പാർട്ടി നിയോഗിച്ചത്. മുൻ തിരഞ്ഞെടുപ്പിൽ കെഎസ് രാധാകൃഷ്ണൻ നേടിയ 1.87 ലക്ഷം വോട്ട് ശോഭ 2.99 ലക്ഷത്തിനു മുകളിലെത്തിച്ചു.

എൻഡിഎയ്ക്ക് വലിയ സ്വാധീനമില്ലെന്ന് കരുതിയ മണ്ഡലത്തിലാണ് ശോഭ വോട്ടുവിഹിതം 17.24 ശതമാനത്തിൽ നിന്ന് 28.3 ശതമാനമായി ഉയർത്തിയത്. പാലക്കാട്ടും ശോഭയ്ക്ക് മുന്നേറ്റം സാധ്യമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഷാഫി പറമ്പിൽ വടകരയിൽ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, മെട്രോമാൻ ഇ ശ്രീധരനിലൂടെ ബിജെപി ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് പാലക്കാട് മണ്ഡലത്തിൽ 3859 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാഫി വിജയിച്ചത്. എൽഡിഎഫിലെ സിപി പ്രമോദ് മൂന്നാം സ്ഥാനത്തായി.

Post a Comment

أحدث أقدم
Join Our Whats App Group