Join News @ Iritty Whats App Group

പുതിയ സൈനിക സ്കൂൾ നായർ സർവ്വീസ് സൊസൈറ്റി തുടങ്ങുന്നു ; ഈ അദ്ധ്യയനവർഷം പഠനം ആരംഭിക്കും


തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ ചരിത്രം രചിച്ച് നായർ സർവ്വീസ് സൊസൈറ്റി ( എൻ. എസ്. എസ്) പുതിയതായി സൈനിക സ്കൂൾ ആരംഭിക്കുന്നു. തിരുവനന്തപുരം കരമന നിറമൻകരയിലുള്ള എൻ. എസ്. എസ് വനിതാ കോളജിന് അടുത്ത്, എൻ. എസ്. എസിന്റെ തന്നെ അധീനതയിൽ പ്രവർത്തിക്കുന്ന മന്നം മെമ്മോറിയൽ റസിഡൻഷ്യൽ സ്കൂൾ ആണ് സൈനിക സ്കൂളായി മാറുന്നത്.പട്ടാളച്ചിട്ടയോടെ, രാജ്യത്തിന് അഭിമാനകരമാകുന്ന തരത്തിൽ പുതിയ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുകയാണ് എൻ. എസ്. എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ലക്ഷ്യമിടുന്നത്.

ഈ അദ്ധ്യയന വർഷം തന്നെ പഠനം ആരംഭിക്കും. മിലിട്ടറി സർവ്വീസിലെ അദ്ധ്യാപകർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഇവിടെ ജോലിയ്ക്ക് വരാം. ഇതാദ്യമായാണ് രാജ്യത്ത് ഒരു സമുദായ സംഘടനയ്ക്ക് സൈനിക സ്കൂൾ തുടങ്ങാനുള്ള അനുമതി ലഭിക്കുന്നത്. കഴക്കൂട്ടം സൈനിക സ്കൂളിന്റെ അതേ മാതൃകയിലാണ് ഈ സ്കൂളിന്റെ പ്രവേശനവും മറ്റും നടക്കുക. എക്‌സിറ്റ്‌ പോളുകളില്‍ ചിലത് തിരുവനന്തപുരത്ത് ബി.ജെ.പിക്ക് വിജയം പ്രവചിക്കുമ്പോള്‍ സംസ്ഥാനത്തെ ഏക സൈനിക സ്‌കൂളായ തിരുവനന്തപുരത്തെ കഴക്കൂട്ടം സൈനിക സ്‌കൂളിന് പുറമേ പുതിയ സൈനിക സ്കൂൾ തുടങ്ങാൻ നായര്‍ സര്‍വ്വീസ് സൊസൈറ്റിയക്ക് അനുമതി നല്‍കിയതു വൻ ചർച്ചയായി.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ എന്നും കോണ്‍ഗ്രസിന്റെ വിജയത്തില്‍ നിര്‍ണ്ണായകമാകുന്നത് നായര്‍ വോട്ടുകളാണ്. എന്‍. എസ്. എസിന് സൈനിക സ്‌കൂള്‍ നല്‍കിയതിലൂടെ ബി.ജെ.പി ഈ വോട്ടുകള്‍ ഉറപ്പിച്ചോ എന്നതാണ് ഉയരുന്ന രാഷ്ട്രീയ ചോദ്യം. തൃശൂരിലും തിരുവനന്തപുരത്തും നേട്ടമുണ്ടാക്കാന്‍ വേണ്ടിയാണ് സൈനിക സ്‌കൂള്‍ എന്‍.എസ്. എസിന് നല്‍കിയതെന്ന വാദം ഇടതുപക്ഷത്ത് സജീവമാണ്.

ബി.ജെ.പിയുമായിയുണ്ടാക്കിയ രാഷ്ട്രീയ കരാറിന്റെ അടിസ്ഥാനത്തിലാണ് സൈനിക സ്‌കൂള്‍ എന്‍.എസ്. എസിന് കിട്ടിയതെന്ന ആരോപണം ലോക്‌സഭാ ഫലം പുറത്തു വന്ന ശേഷം കൂടുതല്‍ ചര്‍ച്ചയാകും. തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നും വിലയിരുത്തലുണ്ട്. അടിയൊഴുക്കുകള്‍ അനുകൂലമാക്കാന്‍ ഇങ്ങനെ പലതും നടന്നുവെന്നതു കൊണ്ടാണ് തിരുവനന്തപുരത്ത് ഫല പ്രവചനം അസാധ്യമാകുന്നതും.

അതേസമയം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ് കഴക്കൂട്ടം സൈനിക് സ്‌കൂൾ. ഈ ദയനീയാവസ്ഥ വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യയുടെ പ്രതിരോധ സേനയിലേക്ക് നിരവധി ധീരസൈനികരെ സംഭാവന ചെയ്യുകയും, മറ്റ് ഒട്ടനവധി ഉന്നത പദവികളില്‍ നിരവധി പേരേ എത്തിക്കുകയും ചെയ്ത ഈ വിദ്യാലയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് പുതിയ സ്‌കൂൾ തുടങ്ങാനുള്ള ചുമതല എന്‍.എസ്. എസിന്റെ കൈകളിലേക്ക് എത്തുന്നത്. കരാര്‍ ജീവനക്കാര്‍ക്ക് അടക്കം ശമ്പളം നല്‍കാന്‍ പോലും പണമില്ലാത്ത അവസ്ഥയില്‍ ഈ സ്‌കൂള്‍ എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിനും സഹായം നല്‍കാന്‍ കഴിയാത്ത സാമ്പത്തിക സ്ഥിതി വന്നു. സൈനിക സ്‌കൂൾ ആയതിനാൽ പ്രത്യേക താല്‍പ്പര്യം എന്‍.എസ്. എസ് കാട്ടുകയായിരുന്നു.

എന്‍.എസ്. എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ മകള്‍ ഡോ. സുജാത എന്‍.എസ്. എസ് കോളേജില്‍ പ്രിന്‍സിപ്പലായിരുന്നു. സുജാത കഴിഞ്ഞ ദിവസം വിരമിച്ചിരുന്നു. മികച്ച അദ്ധ്യാപികയായ സുജാതയ്ക്ക് പുതിയ സൈനിക സ്‌കൂളിന്റെ മേല്‍നോട്ട ചുമതല വന്നാലും അൽഭുതപ്പെടാനില്ല. പുതിയ സൈനിക സ്‌കൂളിലേക്ക് അധ്യാപകരെ അടക്കം നിയമിക്കാന്‍ എന്‍. എസ്. എസിന് കഴിയുമെന്നാണ് സൂചന. സ്‌കൂള്‍ നടത്തിപ്പിനായി ഉന്നതതല സമിതിയേയും എന്‍.എസ്. എസ് രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ക്കാകും പ്രത്യക്ഷത്തില്‍ മേല്‍നോട്ട ചുമതല.

Post a Comment

أحدث أقدم
Join Our Whats App Group