ലോക്സഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് തോൽവി അപ്രതീക്ഷിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തോൽവി വിശദമായി പരിശോധിക്കും. എല്ലാം തിരുത്തി ഇടതുപക്ഷ മുന്നണി മുന്നോട്ട് വരുമെന്നും സംഘടനാ തലത്തിൽ പോരായ്മയുണ്ടെങ്കിൽ പരിഹരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
തൃശൂരിലെ തോൽവിയിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. 9.81% വോട്ടാണ് യുഡിഎഫിന് കുറഞ്ഞത്. 86965 വോട്ട് യുഡിഎഫിന് കുറഞ്ഞു.16000ത്തോളം വോട്ട് ഇടതുമുന്നണിക്ക് കൂടി. നേമത്ത് നടന്നത് തന്നെ തൃശൂരിലും നടന്നു. തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. രാഹുൽഗാന്ധി പ്രസംഗിച്ചതു പോലും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും പിണറായി വിജയനെതിരെ എന്തായിരുന്നു കേസെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി സിപിഐഎം നേതാവ് പി ജയരാജൻ രംഗത്തെത്തി. തോൽവി പാഠമാകണമെന്നും പോരായ്മകൾ പരിശോധിച്ച് മുന്നോട്ടു പോകണമെന്നും പി ജയരാജൻ പറഞ്ഞു. പാർട്ടിക്കകത്ത് തിരുത്തൽ വേണമെന്നാണ് പി ജയരാജന്റെ പരോക്ഷമായ ആവശ്യം. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിലെ പാഠം ഉൾക്കൊണ്ട് ജനങ്ങളുമായി കൂടുതൽ ചേർന്ന് പ്രവർത്തിക്കണമെന്നും പി ജയരാജൻ പറഞ്ഞു.
إرسال تعليق