Join News @ Iritty Whats App Group

ഇരുപതിനായിരം ഡോളറാണ് ആക്ഷന്‍ കൗണ്‍സിലിന്റെ അഭ്യര്‍ഥന പ്രകാരം ഇതുവരെ ലഭിച്ചത് ; രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ചര്‍ച്ചയ്ക്ക് വേണ്ടത് നാല്‍പതിനായിരം ഡോളറാണ്


കൊച്ചി: യമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച കൂടിയാലോചനയ്ക്ക് ആവശ്യമായ ആദ്യഘട്ട പണം ലഭ്യമായി. ഇരുപതിനായിരം ഡോളറാണ് ആക്ഷന്‍ കൗണ്‍സിലിന്റെ അഭ്യര്‍ഥന പ്രകാരം ഇതുവരെ ലഭിച്ചത്.

രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ചര്‍ച്ചയ്ക്ക് നാല്‍പതിനായിരം ഡോളറാണ് ആവശ്യമുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ നിമിഷ പ്രിയയുടെ മോചനത്തിനായി കൈകോര്‍ക്കുന്നുണ്ട്. എംബസി ബാങ്ക് അക്കൗണ്ടില്‍ പണം എത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബം ഉള്‍പ്പെടുന്ന ഗോത്രവുമായി ചര്‍ച്ച നടത്തുന്നതിനാണു പ്രാഥമിക ഘട്ടത്തില്‍ ഇത്രയും പണം ആവശ്യമുള്ളത്.

പണം സ്വീകരിക്കാന്‍ യമനിലെ ഇന്ത്യന്‍ എംബസിയെ ചുമതലപ്പെടുത്തിയതായി ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. നാല്‍പതിനായിരം ഡോളര്‍ സ്വീകരിക്കാനാണു യമനിലെ ഇന്ത്യന്‍ എംബസിയോടു വിദേശകാര്യ വകുപ്പ് നിര്‍ദേശിച്ചത്. റിയാദില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അബ്ദുള്‍ റഹീമിന്റെ മോചനത്തിന് ആവശ്യമായ ദയാധനം സ്വീകരിക്കാന്‍ നേരത്തെ സൗദിയിലെ ഇന്ത്യന്‍ എംബസിക്കും അധികാരം നല്‍കിയിരുന്നു. എംബസി വഴി കൈമാറിയ തുകയാണു റഹീമിന്റെ മോചനത്തിനായി സൗദി കോടതിയില്‍ എത്തിച്ചത്.

സമാനമായ നടപടിക്രമങ്ങളാണു നിമിഷ പ്രിയയുടെ കാര്യത്തിലും നടക്കുന്നത്. ദയാധനം സംബന്ധിച്ച കൂടിയാലോചന പ്രക്രിയയ്ക്കായി, ബാങ്ക് അക്കൗണ്ട് വഴി 40,000 ഡോളര്‍ കൈമാറാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചു നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി വിദേശകാര്യമന്ത്രാലയത്തില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതു പരിഗണിച്ചായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി.

വിദേശകാര്യ മന്ത്രാലയത്തിന്റെ ഡല്‍ഹിയിലെ ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിച്ച ശേഷം യെമനിലെ സനയിലുള്ള ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടിലേക്കു പണം കൈമാറും. പിന്നീട് എംബസി നിയോഗിക്കുന്ന അഭിഭാഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക ട്രാന്‍സ്ഫര്‍ ചെയ്യാനാണു നീക്കം. നിമിഷപ്രിയ കേസുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികള്‍ യമന്‍ കോടതി കഴിഞ്ഞ മാസം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനേ തുടര്‍ന്നായിരുന്നു കോടതിയുടെ ഇടപെടല്‍. നിമിഷ പ്രിയയെ കാണുന്നതിനായി അമ്മ പ്രേമകുമാരി കഴിഞ്ഞ ഏപ്രില്‍ 23 നു യമനില്‍ എത്തിയിരുന്നു. പിറ്റേദിവസം നിമിഷപ്രിയയെ സന്ദര്‍ശിക്കുകയും ചെയ്തു. ഇവരുടെ വിസയുടെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നു കഴിഞ്ഞ മാസം പുതുക്കിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group