Join News @ Iritty Whats App Group

നിരോധിച്ച ഇ സിഗരറ്റ് വില്പന രാജ്യത്ത് വ്യാപകമാകുന്നു ; പരിശോധന ഇല്ലാതായതോടെ സ്‌റ്റേഷനറി കടകളില്‍ വരെ ഇതു ലഭിക്കുന്നു ; ഉപഭോക്താക്കളില്‍ ഏറെയും കൗമരക്കാര്‍


മൂവാറ്റുപുഴ: നിയമംമൂലം നിരോധിച്ച ഇ സിഗരറ്റ് വില്പന രാജ്യത്ത് വ്യാപകമാകുന്നു. പരിശോധന ഇല്ലാതായതോടെ സ്‌റ്റേഷനറി കടകളില്‍വരെ ഇതു ലഭിക്കുന്ന അവസ്ഥയാണ്. ഉപഭോക്താക്കളിലേറെയും കൗമരക്കാരും. 2019 ല്‍ പ്രത്യേക ഓര്‍ഡിനന്‍സിലൂടെ കേന്ദ്രസര്‍ക്കാര്‍ ഇ സിഗരറ്റിന്റെ നിര്‍മാണവും വ്യാപാരവും പരസ്യവും നിരോധിച്ചിരുന്നു.

ലംഘിച്ചാല്‍ ഒരുവര്‍ഷം തടവോ ഒരുലക്ഷം രൂപ പിഴയോ രണ്ടും ചേര്‍ന്നതോ ആയിരിക്കും ശിക്ഷ. വ്യക്തികള്‍ കൈവശം വയ്ക്കുകയോ സൂക്ഷിക്കുകയോ ചെയ്താല്‍ ആറുമാസം വരെ തടവും അരലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. എന്നാല്‍ പരിശോധനകളോ നടപടിയോ ഇല്ലാതായപ്പോള്‍ ഇ സിഗരറ്റിന്റെ വില്‍പ്പനയും ഉപയോഗവും വ്യാപകമായി. നേരത്തെ ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളില്‍ രഹസ്യമായി നടന്നുവന്ന ഇ സിഗരറ്റ് വില്‍പ്പന നിലവില്‍ എല്ലായിടത്തേക്കും വ്യാപിച്ചു.

മുമ്പ് സിനിമാ പ്രവര്‍ത്തകരാണു കൂടുതലായി ഉപയോഗിച്ചിരുന്നതെങ്കില്‍ നാട്ടിന്‍പുറത്തെ കുട്ടികളുടെ പക്കല്‍വരെ ഇപ്പോള്‍ ഇതുണ്ട്. മോഡല്‍ അനുസരിച്ച് 800 മുതല്‍ 3000 രൂപ വരെയാണ് ഒരെണ്ണത്തിന്റെ വില. സിഗരറ്റിന്റെയോ സിഗാറിന്റെയോ ആകൃതിയിലുള്ളതും പുകയില കത്തിക്കാതെ വലിയുടെ അനുഭൂതി നല്‍കുന്നതുമായ ഉപകരണമാണ് ഇ സിഗരറ്റ് അഥവാ ഇലക്‌ട്രോണിക് സിഗരറ്റ്.

ഇതില്‍ സെന്‍സര്‍, മൈക്രോ പ്രൊസസര്‍, ബാറ്ററി എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബാഷ്പീകരണമാണ് ഇതിന്റെ അടിസ്ഥാന ഘടകം. പുകയ്ക്കു പകരം നീരാവി എന്നു വിളിക്കുന്ന എയറോസോളാണ് ഉപയോക്താവ് ശ്വസിക്കുന്നത്. സാധാരണ പുകയിലക്ക് പകരം ദ്രവ രൂപത്തിലുള്ള നിക്കോട്ടിനാണ് ഇതില്‍ ഉപയോഗിക്കുന്നത്.

പ്രോപ്പെലിന്‍, ഗ്ലിസറിന്‍, ഗ്ലൈക്കോള്‍ തുടങ്ങിയ രാസപദാര്‍ഥങ്ങളും രുചിയുള്ള വസ്തുക്കളും ചേരുവയായി ചേര്‍ക്കുന്നു.ഇതു ദോഷകരമല്ലെന്നാണു പൊതുവേ കരുതപ്പെടുന്നതെങ്കിലും യാഥാര്‍ഥ്യം അതല്ല. പുകവലിയുടെ ദൂഷ്യവശങ്ങള്‍ ഇതിനുമുണ്ടാകും. ഇ സിഗരറ്റ് പോലെയുള്ള വേപ്പിങ് വസ്തുക്കളുടെ ഉപയോഗം അത്യന്തം അപകടകരമാണെന്ന് ലോകാരോഗ്യസംഘടന വരെ വ്യക്തമാക്കിയിട്ടുണ്ട്്

Post a Comment

أحدث أقدم
Join Our Whats App Group