വയനാട് മൂലങ്കാവ് ഗവൺമെൻറ് സ്കൂളിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ച് പേർക്ക് സസ്പെൻഷൻ. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരുക്കേൽപ്പിച്ചത്. വിദ്യാർത്ഥിയെ ഡിസ്ചാർജ് ചെയ്യാൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്ന് സമ്മർദമുണ്ടായതായി ശബരിനാഥന്റെ ബന്ധുക്കൾ ആരോപിച്ചു.
ഇന്നലെ ഉച്ചയോടെയാണ് ശബരിനാഥനെ ക്ലാസിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി മർദിച്ചത്. മർദനത്തിനിടെ കത്രികകൊണ്ട് കുത്തി. നെഞ്ചിലും മുഖത്തുമാണ് പരിക്ക്. ഒരു ചെവിയിൽ കമ്മൽ ധരിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ തുളഞ്ഞുകയറിയ കമ്മൽ ആശുപത്രിയിൽ എത്തിയാണ് പുറത്തെടുത്തത്. വിദ്യാർത്ഥിയെ ആദ്യം നായ്ക്കട്ടിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത് അധ്യാപകരാണ്. ബന്ധുക്കളെത്തി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം രാത്രിയിൽ വന്ന ഡ്യൂട്ടി ഡോക്ടർ മതിയായ ചികിത്സ നൽകാൻ തയാറായില്ലെന്നും പരിക്ക് ഗുരുതരമായിട്ടും ഡിസ്ചാർജ് ചെയ്യാൻ സമ്മർദ്ദപ്പെടുത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു. കുട്ടിയെ പിന്നീട് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സ്കൂളിൽ അച്ചടക്ക സമിതി ചേർന്ന് അഞ്ച് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. പൊലീസ് ഇന്നലെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് വിവരങ്ങൾ തേടി. ഇന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുന്ന നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അമ്പലവയൽ എംജി റോഡിൽ ലക്ഷ്മി വിഹാറിലെ ബിനേഷ് കുമാർ – സ്മിത ദമ്പതികളുടെ മകനായ ശബരിനാഥൻ ഈ വർഷമാണ് മൂലങ്കാവ് സർക്കാർ സ്കൂളിൽ ചേർന്നത്.
إرسال تعليق