തിരുവനന്തപുരം: പുതുക്കിയ പാഠപുസ്തകങ്ങൾ എസ് സി ഇ ആർ ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 1, 3, 5, 7, 9 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് എസ് സി ഇ ആർ ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. https://scert.kerala.gov.in/curriculum-2024/ എന്ന വെബ്സൈറ്റിൽ ഇ - പുസ്തകങ്ങൾ ലഭ്യമാണ്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയത്തിലുള്ള ഇ - പുസ്തകങ്ങൾ ലഭ്യമാണ്. പഴയ പാഠപുസ്തകങ്ങൾ നിലവിൽ എസ് സി ഇ ആർ ടി വെബ്സൈറ്റിലും സമഗ്ര പോർട്ടലിലും ലഭ്യമാണ്.
അതേസമയം, സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ് മൂന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം. പുസ്തകത്തിലെ ഒരധ്യായത്തിലെ ചിത്രമാണ് ചർച്ചകൾക്ക് വഴിവെച്ചത്. അടുക്കളയിലെ ചിത്രത്തിൽ അമ്മയോടൊപ്പം അച്ഛനും വീട്ടുജോലി ചെയ്യുന്നതാണ് ഹൈലൈറ്റ്. അമ്മ ദോശ ചുട്ടെടുക്കുകയും അച്ഛൻ തറയിലിരുന്ന് തേങ്ങ ചിരകുന്നതും കളിപ്പാവ കൈയിൽ പിടിച്ച് ആൺകുട്ടി അച്ഛന്റെ പ്രവൃത്തി നോക്കിനിൽക്കുന്നതും ചിത്രത്തിൽ കാണാം. പെൺകുട്ടി അലമാരയിൽ നിന്ന് സാധനങ്ങളെടുക്കുകയും ചെയ്യുന്നു. പരമ്പരാഗത രീതികളെ മറികടക്കുന്നതാണ് പുതിയ ചിത്രമെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുയരുന്നു.
നേരത്തെ വീടിനെക്കുറിച്ചുള്ള പാഠഭാഗത്തിൽ അമ്മ എപ്പോഴും അടുക്കള ജോലി ചെയ്യുന്നതും അച്ഛൻ പത്രം വായിക്കുന്നതുമായിരുന്നു പതിവെന്നും ഇത് തെറ്റായ ധാരണ കുട്ടികളിൽ വളർത്തുമെന്നും ചർച്ച ചെയ്യപ്പെട്ടിരുന്നു. പുരുഷന്മാർ കൂടെ അടുക്കള ജോലിയുടെ ഭാഗമാകണമെന്ന സന്ദേശം പുതിയ പാഠപുസ്തകത്തിലൂടെ പ്രചരിപ്പിക്കുന്നത് നല്ല പ്രവണതയാണെന്നും മാറ്റത്തിന്റെ തുടക്കമാകട്ടെയെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.
إرسال تعليق