Join News @ Iritty Whats App Group

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും; രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കർ തിരഞ്ഞെടുപ്പ് ബുധനാഴ്ച



പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമ്മേളനത്തിന്‍റെ ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ‌ ചെയ്യും. വൈകിട്ട് നാല് മണിയോടെയാകും കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ.

പ്രോ ടേം സ്പീക്കര്‍ ഭര്‍തൃഹരി മെഹ്താബ് ആണ് എംപിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. ബിജെപി എംപി ഭര്‍തൃഹരി രാവിലെ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന് മുന്നില്‍ പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യും. 280 എംപിമാര്‍ ഇന്നും ബാക്കിയുള്ള 263 എംപിമാര്‍ നാളെയുമാണ് സത്യപ്രതിജ്ഞ ചെയ്യുക.

കേരളത്തിലെ പതിനെട്ട് പേർ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. വിദേശ സന്ദ‌ർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ‌ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം പ്രോടേം സ്പീക്കർ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാൽ അധ്യക്ഷനെ സഹായിക്കുന്ന പാനലില്‍ നിന്ന് ഇന്ത്യ സഖ്യം വിട്ടു നില്‍ക്കുമെന്നാണ് സൂചന.

അതേസമയം ബുധനാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. നിലവിലെ സ്പീക്കര്‍ ഓം ബിര്‍ല, ആന്ധ്രയില്‍ നിന്നുള്ള ബിജെപി എംപി പുരന്ധരേശ്വരി എന്നിവരെയാണ് ബിജെപി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണി അന്തിമ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. എന്‍ഡിഎ ഘടക കക്ഷിയായ ടിഡിപി മത്സരിച്ചാല്‍ പിന്തുണ നല്‍കാമെന്ന നിലപാടിലാണ് ശിവസേന ഉദ്ധവ് പക്ഷം. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കണമെന്ന ആവശ്യം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.

Post a Comment

أحدث أقدم
Join Our Whats App Group