മാന്നാർ: കുവൈറ്റിലെ ലേബര്‍ ക്യാമ്പിലുണ്ടായ അഗ്നിബാധയില്‍ ജീവൻ നഷ്ടമായവരിൽ പാണ്ടനാട് സ്വദേശിയും. ചെങ്ങന്നൂർ പാണ്ടനാട് മണക്കണ്ടത്തിൽ മാത്യു തോമസ് (53) ആണ് മരണപ്പെട്ടത്. തലേദിവസം ഫോൺ വിളിച്ച മാത്യുവിനെ പിന്നീട് ഫോണിലും ലഭിക്കാതായതോടെ ബന്ധുക്കള്‍ ആശങ്കയിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാത്യുവും അപകടത്തിൽ മരണപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്.
മാത്യുവിനെ കൂടാതെ സഹോദരിയുടെ മകൻ ഷിബു വർഗീസും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭാര്യയും രണ്ട് പെൺമക്കളും ഭാര്യയുടെ മാതാപിതാക്കളും അടങ്ങുന്നതായിരുന്നു മാത്യുവിന്റെ കുടുംബം. 23 വർഷമായി ഇദ്ദേഹം കുവൈറ്റിൽ ഷോപ്പിംഗ് മാളിൽ സെയിൽസ് മാനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ ഷിനു മാത്യു മരണവാർത്ത അറിഞ്ഞതു മുതൽ ഞെട്ടലിലാണ്. മക്കളായ മേഘയും മെറിനും പഠിക്കാൻ മിടുക്കരാണ്. മേഘ നഴ്സിംഗ് പാസായി. ബാംഗ്ലൂരിലായിരുന്നു പഠനം. മെറിൻ എംബിഎക്ക് അഡ്മിഷൻ ലഭിച്ച് ഹൈദരാബാദിലേക്ക് പോകാനിരിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് മാത്യു തോമസ് അവസാനമായി കുവൈത്തിൽ നിന്ന് അവധിക്ക് നാട്ടിൽ വന്നു മടങ്ങിയത്.
إرسال تعليق