Join News @ Iritty Whats App Group

രാജ്യത്തെ മുസ്ലീംങ്ങളെ ബിജെപിയും ഹിന്ദുത്വ സംഘടനകളും ആക്രമിക്കുന്നു; എല്ലാ പാര്‍ട്ടി യൂണിറ്റുകളും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണം; നിര്‍ദേശിച്ച് സിപിഎം

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി മുസ്ലിങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഛത്തീസ്ഗഡ് തലസ്ഥാനം റായ്പൂരില്‍ കാളകളെ കൊണ്ടുപോകുകയായിരുന്ന മൂന്ന് മുസ്ലിങ്ങളെ പശുക്കടത്തുകാരെന്ന് മുദ്രകുത്തി ‘ഗോ സംരക്ഷകര്‍’ എന്ന് അവകാശപ്പെടുന്നവര്‍ കൊലപ്പെടുത്തി. അലിഗഢില്‍ മോഷണക്കുറ്റം ആരോപിച്ച് മുസ്ലിം യുവാവിനെ അടിച്ചുകൊന്നു.

മധ്യപ്രദേശിലെ മണ്ഡലയില്‍ ഫ്രിഡ്ജുകളില്‍ നിന്ന് ‘ബീഫ്’ കണ്ടെടുത്തുവെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 11 മുസ്ലിം കുടുംബങ്ങളുടെ വീടുകള്‍ തകര്‍ത്തു.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലഖ്നൗവിലെ അക്ബര്‍നഗറില്‍ നദീമുഖത്തിന്റെ നിര്‍മ്മാണത്തിനായി ആയിരത്തിലധികം മുസ്ലിം കുടുംബങ്ങളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.

ഗുജറാത്തിലെ വഡോദരയില്‍ മുഖ്യമന്ത്രിയുടെ പാര്‍പ്പിട പദ്ധതിക്ക് കീഴില്‍ കുറഞ്ഞ വരുമാനമുള്ളവര്‍ക്കായുള്ള ഭവന സമുച്ചയത്തില്‍ മുസ്ലിം സ്ത്രീക്ക് ഫ്‌ലാറ്റ് അനുവദിച്ചതിനെതിരെ ഹിന്ദു സമുദായത്തില്‍പ്പെട്ട ആളുകള്‍ തുറന്ന പ്രതിഷേധവുമായി രംഗത്തെത്തി.

ഹിമാചല്‍ പ്രദേശിലെ നഹാനില്‍ ഈദ്-അല്‍-അദ്ഹയ്ക്കിടെ പശുവിനെ ബലിയര്‍പ്പിച്ചുവെന്നാരോപിച്ച് ഒരു മുസ്ലിം കച്ചവടക്കാരന്റെ കട കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തു. ഗോവധം ആരോപിച്ച് ഇയാള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് പട്ടണത്തിലെ മറ്റ് 16 മുസ്ലിം കട ഉടമകളും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.

ഡല്‍ഹിയിലെ സംഗം വിഹാറിലെ ഒരു ആരാധനാലയത്തിന് സമീപം പശുവിന്റെ ജഡം കണ്ടെടുത്തതിനെ തുടര്‍ന്ന് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ക്ക് പിന്നാലെ പ്രദേശവാസികള്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

ബിജെപിയും ഹിന്ദുത്വ വര്‍ഗീയ ശക്തികളും വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്ന വസ്തുതയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടിക്ക് പിന്നാലെ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ ആക്രമണങ്ങള്‍ തെളിയിക്കുന്നത്.

വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള ബിജെപിയുടെയും മറ്റ് വര്‍ഗീയ സംഘടനകളുടെയും നീക്കങ്ങള്‍ക്കെതിരെ എല്ലാ പാര്‍ട്ടി യൂണിറ്റുകളും ജാഗ്രത പുലര്‍ത്തണം. സാമൂഹ്യാന്തരീക്ഷം തകര്‍ക്കാനും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുമുള്ള ഇത്തരം ഹീനമായ ശ്രമങ്ങള്‍ക്കെതിരെ രാജ്യത്തുടനീളമുള്ള പാര്‍ടി യൂണിറ്റുകള്‍ ഉടന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് സിപിഎം പിബി ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم
Join Our Whats App Group