കോട്ടയം: ഗാന്ധിനഗറിൽ അന്ധയായ ലോട്ടറി വിൽപനക്കാരിയിൽ നിന്നും പണവും ലോട്ടറിയും തട്ടിയെടുത്തു. ഗാന്ധിനഗർ എസ്.എം.ഇ കോളജിന് സമീപത്തായി ലോട്ടറി വിൽക്കുന്ന അയ്മനം സ്വദേശിനി കുഞ്ഞുമോളുടെ പക്കൽ നിന്നുമാണ് ലോട്ടറിയും പണവും സഹായിക്കാനെന്ന വ്യാജേന തട്ടിയെടുത്തത്.
കുഞ്ഞുമോൾക്കൊപ്പം സഹോദരി ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്. ലോട്ടറി വിറ്റു നൽകാമെന്ന വ്യാജേന കുഞ്ഞുമോളുടെ സുഹൃത്തിന്റെ ഭർത്താവ് പണവും ലോട്ടറിയും പിടിച്ച് വാങ്ങിക്കുകയായിരുന്നു.
നേരത്തെയും പ്രതി ഇവരുടെ കൈയിൽ നിന്നും ഇത്തരത്തിൽ ലോട്ടറി വാങ്ങി സമീപത്ത് നിന്ന് വിറ്റ് പണം നൽകാറുണ്ടായിരുന്നു. ഈ വിശ്വാസത്തെ തുടർന്നാണ് കുഞ്ഞുമോൾ ലോട്ടറിയും പണവും പ്രതിക്ക് നൽകിയത്. ലോട്ടറി കൊണ്ടുപോയി ഏറെ നേരമായിട്ടും ഇയാൾ തിരികെ എത്താതായതോടെയാണ് പ്രതി തന്നെ പറ്റിച്ച് മുങ്ങിയതാണെന്ന് കുഞ്ഞുമോൾക്ക് മനസിലായത്.
തുടർന്ന് സഹോദരിയും ഗാന്ധി നഗർ പോലീസും ചേർന്ന് പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു
Post a Comment