ദിസ്പുർ: ഭാര്യ മരിച്ച മനോവിഷമത്തില്‍ ഐ.പി.എസ് ഓഫീസര്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. അസം ആഭ്യന്തര സെക്രട്ടറിയായ ഷിലാദിത്യ ചേത്യയാണ് ആശുപത്രിയിലെ ഐസിയുവിൽ വെച്ച് ആത്മഹത്യ ചെയ്തത്. കാൻസർ ബാധിച്ച് മരണപ്പെട്ട ഭാര്യയുടെ വിയോഗ വാർത്തയറിഞ്ഞ് മിനിറ്റുകൾക്കുള്ളിലായിരുന്നു ഐപിഎസ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് 44 കാരനായ ഷിലാദിത്യ ചേതിയ തന്റെ സർവീസ് റിവോൾവറിൽ നിന്ന് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്.
കാൻസർ ബാധിതയായ ഭാര്യ അഗമോനി ബാർബറുവയെ പരിചരിക്കുന്നതിനായി ഷിലാദിത്യ കഴിഞ്ഞ നാല് മാസമായി അവധിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അഗമോനി ബാർബറുവ ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രിയായ നെംകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖത്തെ തുടർന്ന് ഇരുവരും രണ്ട് മാസത്തോളമായി ആശുപത്രിയിൽ താമസിച്ച് വരികയായിരുന്നു എന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. ഹിതേഷ് ബറുവ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അഗമോനി മരണപ്പെടുന്നത്.
ഭാര്യയുടെ ആരോഗ്യ നില വഷളാകുന്ന വിവരം ഷിലാദിത്യയെ മൂന്ന് ദിവസം മുന്‍പ് അറിയിച്ചിരുന്നുവെന്നും അന്ന് അദ്ദേഹം എല്ലാം നിശബ്ദനായി കേട്ടിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം 4.30 നാണ് അറ്റൻഡിംഗ് ഡോക്ടർ ഷിലാദിത്യയെ ഭാര്യയുടെ മരണവിവരം അറിയിച്ചത്. ഡോക്ടറും നഴ്‌സും അദ്ദേഹത്തോടൊപ്പം മുറിയിലുണ്ടായിരുന്നു. ഭാര്യയുടെ മരണവാർത്തയറിഞ്ഞ് ഷിലാദിത്യ തനിക്ക് പ്രാർത്ഥിക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. ഇതോടെ ഡോക്ടറും ജീവനക്കാരും പുറത്തേക്കിറങ്ങി. ഏകദേശം 10 മിനിറ്റിനുശേഷം, മുറിയിൽ നിന്ന് വെടിയുതിർത്ത ശബ്ദം കേട്ടു.
സർവീസ് റിവോൾവർ ഉപയോഗിച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും ഐപിഎസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടിരുന്നുവെന്ന് ഡോ. ഹിതേഷ് ബറുവ വ്യക്തമാക്കി. സംഭവത്തിൽ അസം ഡിജിപി ജി പി സിംഗ് അനുശോചനം രേഖപ്പെടുത്തി. അസം കേഡറിലെ ഐപിഎസ് ഓഫീസറായ ശിലാദിത്യ ചേതിയ ഗോലാഘട്ട്, ടിൻസുകിയ, സോനിത്പൂർ ജില്ലകളിൽ മുമ്പ് എസ്പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, അസം പൊലീസ് ബറ്റാലിയന്‍റെ കമാൻഡന്‍റും കൂടിയായിരുന്നു ശിലാദിത്യ. 2013 മേയ് 13നാണ് ഷിലാദിത്യയും അഗമോനിയും വിവാഹിതരായത്.
إرسال تعليق