Join News @ Iritty Whats App Group

ഇടതുസൈബർ സംഘങ്ങളെ പേരെടുത്ത് വിമർശിച്ച് എംവി ജയരാജൻ; ലക്ഷ്യം പാർട്ടി ഫാൻ​ഗ്രൂപ്പുകളെയെന്ന ചർച്ച സജീവം


കണ്ണൂർ: ഇടത് സൈബർ സംഘങ്ങൾക്ക് എതിരായ പ്രസ്താവനയിലൂടെ എം.വി ജയരാജൻ ലക്ഷ്യമിട്ടത് പാർട്ടിയിലെ ഫാൻ ഗ്രൂപ്പുകളെയെന്ന ചർച്ച സജീവം. തെരഞ്ഞെടുപ്പ് തോൽ‌വിയിൽ പാഠം ഉൾക്കൊള്ളാൻ പി. ജയരാജൻ ഓർമിപ്പിച്ചതിനു പിന്നാലെയായിരുന്നു പാനൂരിൽ ജില്ലാ സെക്രട്ടറിയുടെ വിമർശനം. എം.വി ജയരാജനെയും നേതൃത്വത്തെയും രൂക്ഷമായി വിമർശിച്ച് പോരാളി ഷാജി പോസ്റ്റുമിട്ടു.

സൈബറിടത്തിലെ ഇടത് പോരാളികളെ, ക്യാപ്സൂളും പരിചയുമായി എതിരാളികളോട് അങ്കം വെട്ടുന്നവരെയാണ് എം.വി.ജയരാജൻ പേരെടുത്ത് പറഞ്ഞ് തളളിയത്. പിജെ ആർമി പോലെ ആരാധനാപേജുകളെ പാർട്ടി തളളിയിരുന്നെങ്കിലും ഈ പോരാളികൾക്ക് സ്വീകാര്യതയുണ്ടായി. ഇപ്പോളവർ വിലയ്ക്കെടുക്കപ്പെട്ടവരെന്ന് വിമർശനം വരുമ്പോൾ എംവിയുടെ ഉന്നമെന്തെന്ന ചർച്ചയും തുടങ്ങിയിട്ടുണ്ട്.

പാനൂരിൽ പി.കെ.കുഞ്ഞനന്തൻ അനുസ്മരണ വേദിയിലാണ് തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം പഠിക്കണമെന്ന് പി.ജയരാജൻ പറഞ്ഞത്. പഠിക്കേണ്ട പാഠം എന്തെന്ന് വൈകീട്ട് നടന്ന സമാന പരിപാടിയിൽ എം.വി.ജയരാജൻ പറഞ്ഞു. അത് സൈബർ പോരാളികളെ കണ്ണടച്ച് വിശ്വസിക്കാതിരിക്കലെന്നായിരുന്നു എംവി ജയരാജന്റെ വാക്കുകൾ. സമൂഹ മാധ്യമങ്ങളിൽ പാർട്ടിക്ക് വേണ്ടി പടവെട്ടുന്നവരിലേറെയും പിജെ പ്രിയരാണ്. അവരെയാണോ ലക്ഷ്യമിട്ടതെന്ന സംശയം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

സൈബർ ഗ്രൂപ്പുകൾക്ക് എം.വി.വിമർശനം ദഹിച്ചില്ല. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് വേണ്ടെന്നാണ് പോരാളി ഷാജിയുടെ പേജിലെ പോസ്റ്റ്. തോൽവിക്ക് കാരണം ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചവരാണെന്നും പൈസ വാങ്ങി കുനിഞ്ഞ് നിൽക്കാൻ ബിനാമി ബിസിനസില്ലെന്ന മുനവെച്ച ഓർമപ്പെടുത്തലും ഒപ്പമുണ്ട്. സൈബർ ആക്രമണത്തിന് പിന്നിൽ ഒരു വിഭാഗം പാർട്ടി അണികളുടെ സീക്രട്ട് ഗ്രൂപ്പുകളെന്നും പോരാളി ഷാജി പേജിൽ വന്ന പോസ്റ്റിൽ ആരോപണമുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group