ആലപ്പുഴ: ഭക്ഷ്യവിഷബാധ ആരോപിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ ഹോട്ടല്‍ ആക്രമിച്ചു. ആലപ്പുഴ വലിയചുടുകാടിനു സമീപം പ്രവര്‍ത്തിക്കുന്ന അഹ്ലന്‍ എന്ന ഹോട്ടലാണ് ഇന്നലെ വൈകിട്ട് 5.15 നു ചങ്ങനാശേരി സ്‌റ്റേഷനിലെ ട്രാഫിക് സി.പി.ഒയായ ആലപ്പുഴ വാടയ്ക്കല്‍ കാക്കിരിയില്‍ വീട്ടില്‍ കെ.എസ്. ജോസഫ് ആക്രമിച്ചത്. ബൈക്കിടിച്ചു കയറ്റിയശേഷം വാക്കത്തികൊണ്ട് അടിച്ചുതകര്‍ക്കുകയായിരുന്നു.
ഈ ഹോട്ടലില്‍നിന്നു മൂന്നു ദിവസം മുമ്പു ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നു തന്റെ കുട്ടിക്കു ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ചായിരുന്നു അക്രമം. കുട്ടി ആശുപത്രിയിലായെന്നും താന്‍ പോലീസുകാരനാണെന്നും കേസ് കൊടുക്കുമെന്നും പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരോട് ആദ്യം ഭീഷണി മുഴക്കി ജോസഫ് മടങ്ങി. കടയുടമ അബ്ദുള്‍ ലത്തീഫ് ആലപ്പുഴ സൗത്ത് പോലീസില്‍ അറിയിച്ചതനുസരിച്ചു രണ്ടു പോലീസുകാര്‍ സ്ഥലത്തെത്തി വിവരം അന്വേഷിച്ചു മടങ്ങിയതിനു പിന്നാലെ ജോസഫ് വീണ്ടും എത്തി.
ബൈക്ക് കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറ്റിയശേഷം കൈയില്‍ കരുതിയിരുന്നു വാക്കത്തികൊണ്ട് കടയുടെ ചില്ല് ഗ്ലാസ്, കസേര, മേശ തുടങ്ങിയവ അടിച്ചുതകര്‍ക്കുകയായിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ പരിഭ്രാന്തരായി പുറത്തേക്കോടി. തടയാനെത്തിയ ഹോട്ടലിന്റെ പാര്‍ട്ണറായ റിയാസിനെ കഴുത്തിനു പിടിച്ചു പുറത്തേക്കു തള്ളിയിട്ടശേഷം ആയുധം ചുഴറ്റി ഭീഷണിപ്പെടുത്തി.
പുറത്തേക്കോടിയ ഹോട്ടല്‍ ജീവനക്കാര്‍ക്കുനേരേയും ആയുധം വീശി. ബഹളത്തെത്തുടര്‍ന്നു ജനങ്ങള്‍ തടിച്ചുകൂടിയെങ്കിലും ഇയാളുടെ കൈവശം വാക്കത്തിയുണ്ടായിരുന്നതിനാല്‍ ആരും എതിര്‍ത്തില്ല. സ്ഥലത്തെത്തിയ കെട്ടിട ഉടമ ജോസഫ് മാത്യുവിന്റെ ഭാര്യ രജനിയെ അസഭ്യം പറഞ്ഞു. വിവരമറിഞ്ഞ് ആലപ്പുഴ ഡിവൈ.എസ്.പി. അടക്കമുള്ള സംഘം സ്ഥലത്തെത്തിയാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ജോസഫിനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കി. ഇയാള്‍ മദ്യപിച്ചിരുന്നതായി സൗത്ത് പോലീസ് പറഞ്ഞു.
ഭക്ഷണം മോശമാണെന്നു മറ്റാരും പരാതി അറിയിച്ചിരുന്നില്ലെന്നും ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണോ പ്രതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സംശയിക്കുന്നതായും ഹോട്ടല്‍ ഉടമകള്‍ പോലീസിനോടു പറഞ്ഞു. മൂന്നു ദിവസം മുമ്പ്, ഹോട്ടലില്‍നിന്നു വാങ്ങിയ ഭക്ഷണം കഴിച്ചശേഷം രാത്രിയിലാണ് കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്നും രാത്രിതന്നെ പുന്നപ്ര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിനാല്‍ അവിടെനിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തുവെന്നും ജോസഫ് പറഞ്ഞു.
ആരോഗ്യം മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് 30 നു കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. ജോസഫ് ഇന്നലെ സ്‌റ്റേഷനില്‍ ഡ്യൂട്ടിക്കു പോയി. വൈകുന്നേരം കൂട്ടിക്കു വീണ്ടും അസ്വസ്ഥത അനുഭവപ്പെടുന്നതായി ജോസഫിനെ ഭാര്യ ഫോണില്‍ വിളിച്ചറിയിച്ചു. ഇതോടെ പ്രകോപിതനായ ജോസഫ് കടയിലെത്തി അക്രമം നടത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
إرسال تعليق