Join News @ Iritty Whats App Group

തന്നെ കൊന്നിട്ടേ മറ്റൊരാളെ കെട്ടാന്‍ സമ്മതിക്കൂ എന്ന് അന്യന്റെ ഭാര്യ ; ഇപ്പോള്‍ വന്നേര് നിന്നെ കൊന്നേക്കാമെന്ന് കാമുകന്‍ ; വീട്ടിലെത്തിയ കാമുകിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി

മാവേലിക്കര: വിവാഹത്തിനു നിര്‍ബന്ധിച്ച കാമുകിയെ സ്വന്തം വീടിന്റെ കഴുക്കോലില്‍ തൂക്കിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും. ഹരിപ്പാട് വെട്ടുവേനി കിഴക്കടംപള്ളില്‍ എസ്. സുനിത(26) യെ കൊലപ്പെടുത്തിയ കേസില്‍ കാമുകന്‍ വെട്ടുവേനി താമരശേരില്‍ കിഴക്കതില്‍ രാജേഷിനെ (42)യാണ് മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി (രണ്ട്) ജഡ്ജി കെ.എന്‍. അജിത്കുമാര്‍ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി മൂന്നുമാസം അധികതടവ് അനുഭവിക്കണം. പിഴത്തുകയായ അഞ്ചു ലക്ഷം രൂപ സുനിതയുടെ മകള്‍ക്കു നല്‍കണം.

2013 ജൂണ്‍ 18 നു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സുനിതയുമായി രാജേഷ് പ്രണയത്തിലായിരുന്നു. ഈ ബന്ധം ഭര്‍ത്താവറിഞ്ഞതിനെത്തുടര്‍ന്ന് സുനിത അദ്ദേഹത്തെ ഉപേക്ഷിച്ച് സ്വന്തം വീട്ടില്‍ താമസമായി. രാത്രിയില്‍ സമീപത്തുള്ള രാജേഷിന്റെ വീട്ടില്‍ സുനിത എത്തുമായിരുന്നു. ഇതിനിടെ ഗര്‍ഭിണിയായ അവര്‍ രാജേഷിന്റെ നിര്‍ബന്ധപ്രകാരം കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തി. തുടര്‍ന്ന് തന്നെ വിവാഹം കഴിക്കണമെന്ന് സുനിത രാജേഷിനെ നിര്‍ബന്ധിച്ചു.

വിവാഹം കഴിക്കാമെന്ന് അവസാനം രാജേഷ് സമ്മതിച്ചു. കൃത്യം നടക്കുന്നതിന്റെ തലേദിവസം രജിസ്റ്റര്‍ മാരേജ് ചെയ്യാന്‍ ഒരുങ്ങിനില്‍ക്കാനും ഇയാള്‍ ആവശ്യപ്പെട്ടു. സുനിത ഒരുങ്ങിനിന്നെങ്കിലും ചങ്ങനാശേരിയിലായതിനാല്‍ എത്താന്‍ സാധിക്കില്ലെന്ന് രാജേഷ് അറിയിച്ചു. പിറ്റേന്ന് ഉറപ്പായും പോകാമെന്നു വാക്കു കൊടുക്കുകയും ചെയ്തു. എന്നാല്‍ അന്നും മറ്റെന്തോ ആവശ്യം പറഞ്ഞ് രാജേഷ് ഒഴിഞ്ഞുമാറിയതോടെ ഇരുവരും തമ്മില്‍ ഫോണിലൂടെ വാക്കുതര്‍ക്കമുണ്ടായി.

മറ്റൊരു വിവാഹം കഴിക്കാനാണെങ്കില്‍ തന്നെ കൊന്നിട്ടു പോകണമെന്ന് സുനിത ഇതിനിടെ പറഞ്ഞു. 'ഇന്നു വാ നിന്നെ കൊന്നുതന്നേക്കാ'മെന്ന് രാജേഷ് തിരിച്ചും പറഞ്ഞു. അന്നുരാത്രിയില്‍ രാജേഷിന്റെ വീട്ടിലെത്തിയ സുനിത വിവാഹക്കാര്യം പറഞ്ഞ് തര്‍ക്കത്തിലേര്‍പെട്ടു.

ഇതേത്തുടര്‍ന്ന് രാജേഷ് അവരുടെ തുടയില്‍ ചവിട്ടി. ചവിട്ടുകൊണ്ട് വീണ സുനിതയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ചു. ഇതോടെ ബോധരഹിതയായ സുനിതയെ അവരുടെ ഷാള്‍ ഉപയോഗിച്ച് രാജേഷ് വീടിന്റെ കഴുക്കോലില്‍ കെട്ടിത്തൂക്കി. തുടര്‍ന്ന് മൃതദേഹമെടുത്ത് സമീപത്തുതന്നെയുള്ള സുനിതയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ കൊണ്ടുപോയി കെട്ടിത്തൂക്കാനായിരുന്നു രാജേഷിന്റെ പദ്ധതി. എന്നാല്‍ 300 മീറ്റര്‍ എത്തിയപ്പോഴേക്കും ഇയാള്‍ കുഴഞ്ഞു. തുടര്‍ന്ന് വെട്ടുവേനി ബഥേനിയേല്‍ കുഞ്ഞുമോന്റെ വീടിന്റെ സിറ്റൗട്ടില്‍ മൃതദേഹം ഉപേക്ഷിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

സംഭവത്തെത്തുടര്‍ന്ന് സുനിതയും രാജേഷും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് പോലീസിനു മൊഴികള്‍ ലഭിച്ചതോടെയാണ് അന്വേഷണം രാജേഷിലേക്കെത്തിയത്. ആദ്യദിനം തന്നെ കസ്റ്റഡിയിലായ രാജേഷ് നാലുദിവസത്തിനു ശേഷമാണു കുറ്റം സമ്മതിച്ചത്.

പോസ്റ്റുമോര്‍ട്ടത്തില്‍ സുനിതയുടെ തുടയിലും തലയിലും പരുക്കുകള്‍ കണ്ടെത്തിയിരുന്നു. ഹരിപ്പാട് സി.ഐയായിരുന്ന ഉദയഭാനുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 22 സാക്ഷികളെയും 29 രേഖകളും 36 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സോളമന്‍, അഭിഭാഷകനായ സരുണ്‍ കെ. ഇടിക്കുള എന്നിവര്‍ ഹാജരായി.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group