വാഷിങ്ടണ്‍: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ പുതിയ ഫോര്‍മുല മുന്നോട്ടു വച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മൂന്നുഘട്ടങ്ങളിലായുള്ള പുതിയ നിര്‍ദേശങ്ങള്‍ ഖത്തര്‍ വഴി ഹമാസിന് ഇസ്രയേല്‍ കൈമാറിയെന്നാണ് ബൈഡന്‍ ഇന്ന് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും ബൈഡന്‍ ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടു.
ആറാഴ്ച നീളുന്ന ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ വെടി നിര്‍ത്തലാണ് ഇസ്രയേല്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് ബെെഡൻ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിലെ ഇസ്രയേല്‍ സൈനികരുടെ പിന്‍മാറ്റവും ഇരുഭാഗത്തുമുള്ള ബന്ദികളുടെ മോചനവും ആദ്യഘട്ടത്തിലുണ്ടാകും. ഗാസയിലേക്ക് ദിവസേന 600 ട്രക്കുകളില്‍ ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും എത്തിക്കും. താത്കാലിക ഭവന യൂണിറ്റുകളും ഗാസയില്‍ സ്ഥാപിക്കും. ഈ ആറാഴ്ച കാലയളവില്‍ അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കും. ഇത് വിജയിച്ചാല്‍ അടുത്ത ഘട്ടത്തിലെ പദ്ധതികള്‍ നടപ്പിലാക്കും. രണ്ടാം ഘട്ടത്തില്‍ ഗാസയില്‍ നിന്നുള്ള സൈനികരുടെ പൂര്‍ണ പിന്‍മാറലാണ് ഇസ്രയേല്‍ മുന്നോട്ട് വയ്ക്കുന്നത് നിര്‍ദേശം. ഹമാസ് ബന്ദികളെയും മോചിപ്പിക്കും. മൂന്നാം ഘട്ടം പുനര്‍നിര്‍മ്മാണ പദ്ധതിയെക്കുറിച്ചായിരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്കല്‍ നയതന്ത്ര ശ്രമങ്ങളുടെ ഫലമാണ് പുതിയ നിര്‍ദേശങ്ങളെന്നും ജോ ബൈഡന്‍ അവകാശപ്പെട്ടു.
ഗാസയിലെ യുദ്ധം ഇസ്രയേല്‍ അവസാനിപ്പിച്ചാല്‍ ബന്ദി കൈമാറ്റം അടക്കം സമാധാന ഉടമ്പടിയിലെത്താന്‍ തയ്യാറാണെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രയേലിന്റെ ഗാസ ആക്രമണത്തില്‍ 36,000 പലസ്തീന്‍ പൗരമാര്‍ കൊല്ലപ്പെട്ടതായും ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
إرسال تعليق