Join News @ Iritty Whats App Group

തമിഴ്നാട്ടിൽ വ്യാജമദ്യ ദുരന്തം? 9 പേർ മരിച്ചു; നിരവധി പേർ ചികിത്സയിൽ, രണ്ട് പേർ കസ്റ്റഡിയിലായതായി സൂചന

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് ഒൻപത് മരണം. വിവിധ ആശുപത്രികളിലായി നാൽപ്പതോളം പേർ ചികിത്സയിലുണ്ട്. 20 പേരെ കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തുപേരെ വിദഗ്‌ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്‌മറിലേക്ക് മാറ്റി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. കള്ളക്കുറിച്ചി മെഡിക്കൽ കോളജ്, പുതുച്ചേരി ജിപ്മെർ എന്നീ ആശുപത്രികളിലായാണ് നാൽപ്പതോളം പേർ ചികിത്സയിലുള്ളത്. പലരുടെയും നില ഗുരുതരമാണ്.

ഇന്നലെയാണ് ഒരുകൂട്ടം ആളുകൾ കൂലിപ്പണി കഴിഞ്ഞ് വന്ന് വ്യാജ മദ്യവിൽപ്പനക്കാരിൽനിന്ന് മദ്യം വാങ്ങിക്കഴിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇവർ വീട്ടിലെത്തിയത് മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തലവേദന, ഛർദി, തലകറക്കം, വയറുവേദന, മനംപിരട്ടൽ, കണ്ണിന് അസ്വസ്ഥത എന്നിവ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരുണാകുളത്തുത്ത് നിന്നാണ് ഇവർ മദ്യം കഴിച്ചത്. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും പരിശോധന പൂർത്തിയായാൽ മാത്രമേ മരണ കാരണം വ്യക്‌തമാകൂ എന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, മരണകാരണം പരിശോധിക്കേണ്ടതുണ്ടെന്ന് ജില്ലാ കളക്ടർ ശ്രാവൺ കുമാർ അറിയിച്ചു. മൂന്നുപേർ വീട്ടിൽവെച്ചാണ് മരിച്ചത്. ഒരാൾ വയറുവേദനയെത്തുടർന്നാണ് മരിച്ചത്. ഒരാൾക്ക് അപസ്മാരമുണ്ടായി. ഒരാൾ പ്രായാധിക്യത്തെത്തുടർന്നുമാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ മദ്യപിക്കുന്ന സ്വഭാവക്കാരനല്ല. രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലെ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്നും ശ്രാവൺ കുമാർ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group