Join News @ Iritty Whats App Group

കനത്ത മഴയില്‍ മുങ്ങി ഡല്‍ഹി, 5 മരണം, നഗരത്തില്‍ വെള്ളക്കെട്ട്; ഗതാഗതം തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹിയില്‍ അഞ്ച് മരണം. വെള്ളിയാഴ്ച്ചയോടെയാണ് ഡല്‍ഹിയില്‍ കാലവര്‍ഷം സജീവമായത്. കഴിഞ്ഞ 88 വര്‍ഷത്തിനിടെ ജൂണ്‍ മാസത്തിലെ ഒരു ദിനത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന മഴയാണ് ഡല്‍ഹിയില്‍ പെയ്തത്. ഇതോടെ നഗരം നിശ്ചലമായെന്ന് പറയാം. പല തെരുവുകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പലരും റോഡില്‍ കുടുങ്ങി കിടക്കുകയാണ്. അതേസമയം മരിച്ചവരില്‍ ഒരാള്‍ ടാക്‌സി ഡ്രൈവറാണ്. ഡല്‍ഹി വിമാനത്താവളത്തിലെ കനോപ്പിയുടെ ഒരുഭാഗം മഴയെ തുടര്‍ന്ന് കാറിന് മുകളിലേക്ക് വീണാണ് ഇയാള്‍ മരിച്ചത്. ഇതേ തുടര്‍ന്ന് വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1ലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.


രോഹിമി പ്രേംനഗര്‍ മേഖലയിലാണ് 39കാരനായ മറ്റൊരാള്‍ മരിച്ചത്. ഇയാള്‍ വൈദ്യുതാഘാതമേറ്റം മരിച്ചത്. മഴവെള്ളം നിറഞ്ഞ് നില്‍ക്കുന്ന ജലാശയത്തില്‍ മുങ്ങി രണ്ട് കുട്ടികളും മരിച്ചു. ന്യു ഉസ്മാന്‍പൂര്‍ മേഖലയിലാണ് ഈ സംഭവം. ഷാലിബാര്‍ മേഖലയിലെ അണ്ടര്‍പാസിലെ വെള്ളത്തില്‍ മുങ്ങി ഒരു യുവാവ് മരിച്ചതായി പോലീസ് പറഞ്ഞു.

വസന്ത് വിഹാറില്‍ നിര്‍മാണത്തിലിരിക്കുന്ന മതില്‍ ഇടിഞ്ഞ് വീണ് മൂന്ന് ജോലിക്കാര്‍ ഇവിടെ കുടുങ്ങിയിരിക്കുകയാണ്. അതേസമയം ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ദിവസം വൈകീട്ട് വരെ തുടര്‍ന്നിരുന്നു. ഇവര രക്ഷിക്കാനുള്ള സാധ്യത മങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രഗതി മൈതാനിലുള്ള സുപ്രധാന തുരങ്കകള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹി നഗരത്തിലാകെ വീടുകള്‍ വെള്ളത്തില്‍ മുങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ട്.

ഉയര്‍ന്ന മേഖലയായ ലുട്യന്‍സില്‍ വരെ വെള്ളം കയറിയിരിക്കകയാണ്. ഡല്‍ഹി ജലവകുപ്പ് മന്ത്രി അതിഷി, എംപിമാരായ ശശി തരൂര്‍, മനീഷ് തിവാരി, രാംഗോപാല്‍ യാദവ് എന്നിവരുടെ വീട്ടില്‍ അടക്കം വെള്ളം കയറിയിരിക്കുകയാണ്. നിരവധി എംപിമാരുടെ വീട്ടില്‍ വെള്ളം കയറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പല തെരുവുകളും വെള്ളത്തില്‍ മുങ്ങിയതോടെ വാഹനങ്ങളും മുങ്ങിയ നിലയിലാണ്. നിരവധി മരങ്ങള്‍ കടപുഴകി. പല മേഖലകളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. കിഷന്‍ഗഞ്ചില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കോഡിയ ബ്രിഡ്ജ് അണ്ടര്‍പാസില്‍ കുടുങ്ങി പോയ ബസില്‍ നിരധി യാത്രക്കാര്‍ പെട്ടുപോയിരുന്നു. ഇവരെ പോലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് ബസിന് പുറത്തെത്തിച്ചത്. ഇതിനായി ലൈഫ് ജാക്കറ്റുകളും, റോപ്പുകളും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.

സഫ്ദര്‍ഗഞ്ചില്‍ 228.1 മില്ലിമീറ്റര്‍ മഴയാണ് പെയ്തതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു. ലോധി റോഡില്‍ 192.8 മില്ലിമീറ്ററും മോസം ഭവനില്‍ 150.4 മില്ലിമീറ്ററുമാണ് മഴ ലഭിച്ചത്. ഡല്‍ഹിയില്‍ കാലവര്‍ഷം എത്തിയതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനവാസ മേഖലയില്‍ പലയിടത്തും അരയ്ക്ക് മുകളിലാണ് വെള്ളമുള്ളത്. ഇവര്‍ വീടിന് പുറത്തിറങ്ങുന്നത് വെള്ളത്തില്‍ മുങ്ങിയാണ്. പ്രളയ സമാനമാണ് തലസ്ഥാന നഗരിയിലെ കാഴ്ച്ച.

തദ്ദേശ സമിതികള്‍ക്കും പോലീസിനും വെള്ളിയാഴ്ച്ച മാത്രം ലഭിച്ചത് 300 പരാതികളാണ്. ട്രാഫിക് തടസ്സങ്ങളും, മരങ്ങള്‍ വീണതുമെല്ലാം ഈ വിഭാഗങ്ങളിലാണ് പരാതിയെത്തിയത. അതേസമയം യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ഡല്‍ഹി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടണ്ട്. ഡല്‍ഹിയില്‍ തന്റെ മുറിയും കാര്‍പ്പെറ്റുകളും, ഗൃഹോപകരണങ്ങളുമെല്ലാം വെള്ളത്തില്‍ മുങ്ങിയെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group