Join News @ Iritty Whats App Group

ഫ്രീസറിൽ 45 കുപ്പി മുലപ്പാൽ, 50 മില്ലിലിറ്ററിന് 500 രൂപ; വിൽപ്പന നടത്തിയ സ്ഥാപനം പൂട്ടി, പാൽ പരിശോധനയ്ക്കയച്ചു


ചെന്നൈ: മുലപ്പാൽ കുപ്പിയിലാക്കി വിൽപന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് സീൽ ചെയ്തു. മാധവാരത്തെ ലൈഫ് വാക്സിൻ സ്റ്റോറാണ് പൂട്ടിയത്. ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ 45 കുപ്പി മുലപ്പാൽ കണ്ടെത്തി. 50 മില്ലിലിറ്റർ ബോട്ടിൽ 500 രൂപയ്ക്കാണ് വിറ്റിരുന്നത്. സ്ഥാപന ഉടമ മുത്തയ്യയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു. പാൽ നൽകിയവരുടെ പേര് ബോട്ടിലിനു പുറത്ത് രേഖപ്പെടുത്തിയിരുന്നു. ഇവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. മുലപ്പാൽ വിൽക്കുന്നത് നിയമ വിരുദ്ധമാണെന്ന് ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി സർക്കുലർ ഇറക്കിയിരുന്നു.

ചെന്നൈയിലെ മുലപ്പാൽ വില്പനയിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പും അറിയിച്ചു. പിടിച്ചെടുത്ത കുപ്പികളിലെ പാൽ ഗിണ്ടിയിലെ ലാബിലേക്ക് അയച്ചു. ഏത് രീതിയിലാണ് പാൽ പാസ്ചറൈസ് ചെയ്തതെന്ന് വ്യക്തമാകാനാണിത്. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തുടർനടപടി ഉണ്ടാകുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർ പറഞ്ഞു. ആശുപത്രികളിലുള്ള മുലയൂട്ടുന്ന അമ്മമാരിൽ നിന്നാണ് പാൽ ശേഖരിച്ചതെന്ന് റെയ്‌ഡിൽ കുടുങ്ങിയ മാധവാരത്തെ ലൈഫ് വാക്സീൻ സ്റ്റോർ ഉടമ പറഞ്ഞു. 

10 ദിവസം മുമ്പ് ലഭിച്ച പരാതിയെ തുടർന്നാണ് മാധവാരത്തെ കെകെആർ ഗാർഡനിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പരിശോധന നടത്തിയതെന്ന് തിരുവള്ളൂരിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർ ഡോ എം ജഗദീഷ് ചന്ദ്രബോസ് പറഞ്ഞു. സ്ഥാപനം നടത്തുന്ന വ്യക്തിക്ക് പ്രോട്ടീൻ പൗഡറുകൾ വിൽക്കുന്നതിനുള്ള ലൈസൻസാണ് ഉണ്ടായിരുന്നത്. ഇതിന്‍റെ മറവിലായിരുന്നു അനധികൃത മുലപ്പാൽ വിൽപ്പനയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർ വിശദീകരിച്ചു.

2006ലെ എഫ്എസ്എസ് ആക്ട് പ്രകാരം മുലപ്പാൽ സംസ്ക്കരിക്കുന്നതിനോ വിൽക്കുന്നതിനോ ആർക്കും ലൈസൻസ് നൽകിയിട്ടില്ലെന്ന് ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. മുലപ്പാലിന്റെ വാണിജ്യവൽക്കരണം രാജ്യത്ത് അനുവദനീയമല്ലെന്നും ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ അവസാനിപ്പിക്കണം എന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാരിൽ നിന്ന് പാൽ ശേഖരിച്ച് വിൽക്കുന്ന മിൽക്ക് ബാങ്കുകൾ സ്ഥാപിച്ചതോടെ മുലപ്പാലിന്‍റെ ഓൺലൈൻ വിൽപ്പന കുതിച്ചുയർന്നിരുന്നു. ഓൺലൈനിൽ മുലപ്പാൽ ഉൽപ്പന്നങ്ങൾ തിരയുന്നതും സോഷ്യൽ മീഡിയകളിൽ പരസ്യം വരുന്നതും വർധിച്ചു.

പാൽ ബാങ്കുകൾ സാധാരണയായി ആരോഗ്യമുള്ള ദാതാക്കളിൽ നിന്ന് മുലപ്പാൽ ശേഖരിച്ച് ശീതീകരിച്ച് സൗജന്യമായി നൽകുകയാണ് പതിവ്. സർക്കാർ ആശുപത്രികളോട് ചേർന്നുള്ള മിക്ക പാൽ ബാങ്കുകളും സാധാരണയായി സൗജന്യമായി നൽകുന്നു. എന്നാൽ ഇതിൽ ലാഭം കണ്ട് വ്യവസായ ലക്ഷ്യത്തോടെ മുലപ്പാൽ വില്പന തുടങ്ങിയതാണ് എഫ്എസ്എസ്എഐയെ മുന്നറിയിപ്പ് നല്കാൻ പ്രേരിപ്പിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group