Join News @ Iritty Whats App Group

നീറ്റ് പരീക്ഷ തട്ടിപ്പിൽ 4 വിദ്യാര്‍ത്ഥികള്‍ കൂടി അറസ്റ്റില്‍; ചോദ്യപേപ്പർ തലേന്ന് കിട്ടി, 40 ലക്ഷം രൂപ ആവശ്യപ്പെട്ടതായി മൊഴി

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ കിട്ടിയത് പരീക്ഷയുടെ തലേദിവസമെന്ന് സമ്മതിച്ച് അറസ്റ്റിലായ വിദ്യാർത്ഥികൾ. പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിരുന്നതായും ഇവർ സമ്മതിച്ചു. ബിഹാറില്‍ നിന്നാണ് നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായത്. പരീക്ഷയുമായി ബന്ധപ്പെട്ട് വളരെ ഗുരുതരമായ വെളിപ്പെടുത്തലാണ് ചോദ്യം ചെയ്യലിൽ വിദ്യാർത്ഥികൾ പങ്ക് വച്ചത്.

ബിഹാറിൽ നിന്നും അറസ്റ്റിലായ അനുരാഗ് യാദവ്, നിതിഷ് കുമാർ, അമിത് ആനന്ദ്, സിഖന്ദർ യാദവേന്ദു എന്നിവരാണ് പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തിയത്. ചോദ്യപേപ്പർ കിട്ടാനായി 40 ലക്ഷം രൂപയാണ് അവർ ചോദിച്ചത്. പരീക്ഷയുടെ തലേ ദിവസം ചോദ്യപേപ്പറും ഉത്തരങ്ങളും കിട്ടിയിരുന്നതായും വിദ്യാർത്ഥികൾ മൊഴി നൽകി. ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്

നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റുചെയ്‌തിരുന്നു. അറസ്റ്റിലായ പലര്‍ക്കും അടുത്ത ബന്ധുക്കള്‍ വഴിയാണ് ചോദ്യ പേപ്പറുകള്‍ ലഭിച്ചത്. മൊത്തം 17 പേരെ നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറില്‍ മാത്രം അറസ്റ്റ് ചെയ്തു. ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ പരീക്ഷയെഴുതിയ ഒമ്പത് വിദ്യാർഥികൾക്ക് നോട്ടീസും നൽകി. ക്രമക്കേടു നടത്താൻ സഹായിച്ചവർക്കു നൽകിയതെന്ന് സംശയിക്കുന്ന ആറ് ചെക്കുകളും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു.

ബന്ധുവഴിയാണ് തനിക്ക് ചോദ്യപേപ്പർ ലഭിച്ചതെന്നാണ് അറസ്റ്റിലായ അനുരാഗ് യാദവ് മൊഴി നൽകിയത്. മേയ് നാലിന് തനിക്ക് ചോദ്യ പേപ്പർ കിട്ടുന്നത്. എൻജിനിയറിങ് വിദ്യാർഥിയായ സിഖന്ദർ യാദവേന്ദുവാണ് തനിക്ക് ചോദ്യപേപ്പർ നൽകിയത്. തലേന്ന് രാത്രി അത് മനഃപാഠമാക്കിയാണ് പരീക്ഷയ്ക്കെത്തിയത്. അതേ ചോദ്യങ്ങൾ പരീക്ഷ ചോദ്യപേപ്പറിലും കണ്ടു. എന്നാൽ, പരീക്ഷ കഴിഞ്ഞതോടെ പോലീസ് തന്നെ പിടികൂടുകയായിരുന്നുവെന്നും അനുരാഗ് പറഞ്ഞു.


അതേസമയം അറസ്റ്റിലായ നിതീഷ് കുമാറും അമിതും ചേർന്ന് നീറ്റ് ചോദ്യപേപ്പർ ചോർത്താനാകുമെന്ന് തന്നോട് പറഞ്ഞതായാണ് യാദവേന്ദുവും പറഞ്ഞു. ചോദ്യപേപ്പർ ആവശ്യമുള്ള നാലുപേർ തൻ്റെ പരിചയത്തിലുണ്ടെന്ന് അവരോട് പറഞ്ഞു. അമിതും ആനന്ദും താനും ചേർന്ന് മേയ് നാലിന് മത്സരാർഥികൾക്ക് ചോദ്യപേപ്പർ നൽകി. 40 ലക്ഷം രൂപ ആവശ്യപ്പെട്ടതായും യാദവേന്ദു പറഞ്ഞു. സംഭവത്തിൽ ഇനിയും നിർണായക വിവരങ്ങൾ പുറത്ത് വരാനുണ്ടെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

Post a Comment

أحدث أقدم
Join Our Whats App Group