Join News @ Iritty Whats App Group

ഒരു യുഗം അവസാനിക്കുന്നു! കോലിക്ക് പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും


ബാര്‍ബഡോസ്: വിരാട് കോലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തി ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്ത്യന്‍ ടീമിനെ നയിക്കുക.

ഈ ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട് രോഹിത്തിന്. മുന്നില്‍ നയിക്കാന്‍ രോഹിത് മറന്നില്ല. എട്ട് മത്സരങ്ങളില്‍ 257 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. 36.71 ശരാശരിയിലാണ് രോഹിത്തിന്റെ നേട്ടം. ഫൈനലില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ യാത്രയില്‍ രോഹിത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ല. ഇതുവരെയുള്ള എല്ലാ ടി20 ലോകകപ്പുകളിലും രോഹിത് ഉണ്ടായിരുന്നു. 2007ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു രോഹിത്തിന്റെ ടി20 അരങ്ങേറ്റം. 159 മത്സരങ്ങള്‍ കളിച്ച രോഹിത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് വിടപറയുന്നത്. 

അന്ന് സുനില്‍ വില്‍സണ്‍, പിന്നെ ശ്രീശാന്ത്, ഇന്ന് സഞ്ജുവും! മലയാളി ഉണ്ടായപ്പോഴൊക്കെ ഇന്ത്യ ലോകകിരീടം നേടി

159 മത്സരങ്ങളില്‍ (151 ഇന്നിംഗ്‌സ്) 4231 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത് 32.05 ശരാശരിയില്‍ 4231 റണ്‍സ് നേടി. 140.89 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്. പുറത്താവാതെ നേടിയ 121 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ഗ്ലെന്‍ മാക്‌സ്‌വെല്ലിനൊപ്പം പങ്കിടുന്നുണ്ട് രോഹിത്. ഇരുവരും അഞ്ച് സെഞ്ചുറികള്‍ വീതം നേടി. 32 അര്‍ധ സെഞ്ചുറിയും രോഹിത് നേടി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരശേഷം വിരാട് കോലിയും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. 59 പന്തില്‍ 79 റണ്‍സ് നേടിയ കോലിയാണ് ഇന്ത്യയുടെ ലോകകപ്പ് ഫൈനല്‍ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. ഫൈനലിലെ താരവും കോലിയായിരുന്നു. 124 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോലി 4188 റണ്‍സാണ് അടിച്ചെടുത്തത്. 48.69 ശരാശരിയും 137.04 സ്ട്രൈക്ക് റേറ്റും കോലിക്കുണ്ട്. 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറിയും കോലി നേടി. 2010ല്‍ സിംബാബ്വെക്കെതിരെയായിരുന്നു കോലിയുടെ ടി20 അരങ്ങേറ്റം.

Post a Comment

أحدث أقدم
Join Our Whats App Group