Join News @ Iritty Whats App Group

കേരള ബാങ്കിന് കഴിഞ്ഞ വർഷം 209 കോടി രൂപ ലാഭം; നബാർഡ് റേറ്റിങ് കുറഞ്ഞത് കാര്യമായി ബാധിക്കില്ലെന്ന് വിശദീകരണം


തിരുവനന്തപുരം: 2023-24 സാമ്പത്തിക വർഷം കേരള ബാങ്ക് 209 കോടി രൂപയുടെ അറ്റ ലാഭം നേടിയതായി ബാങ്ക് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റലാഭം 20.5 കോടി രൂപയായിരുന്നു. രൂപീകരണ ശേഷമുള്ള 5 സാമ്പത്തിക വർഷങ്ങളിലും ബാങ്ക് ലാഭം നേടിയെന്നും നിക്ഷേപത്തിലും വായ്പയിലും മൊത്തം ബിസിനസ്സിലും ക്രമാനുഗതമായ വളർച്ചയുണ്ടായെന്നും ബാങ്കിന്റെ പ്രസ്താവനയിൽ വിശദീകരിക്കുന്നു. 2020 മാർച്ച് 31-ലെ 101194 കോടി രൂപയായിരുന്ന മൊത്തം ബിസിനസ് 2024 മാർച്ച് 31ലെ കണക്കുകൾ പ്രകാരം 1,16,582 കോടി രൂപയായി ഉയരുകയും ചെയ്തു.

2023-24 സാമ്പത്തിക വർഷം പുതുതായി 19,601 കോടി രൂപയുടെ വായ്പകളാണ് കേരള ബാങ്ക് അനുവദിച്ചത്. ഇതിൽ കാർഷിക മേഖലയിൽ 99200 വായ്പകളും, ചെറുകിട സംരംഭ മേഖലയിൽ 85000ൽ അധികം വായ്പകളും ഇക്കാലയളവിൽ ബാങ്ക് നൽകിയിട്ടുണ്ട്. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് 10,335 കോടി രൂപയുടെ വായ്പ അനുവദിച്ചു. ബാങ്കിന്റെ മൊത്തം വായ്പയിൽ 21 ശതമാനമാണിത്. ഈ സാമ്പത്തിക വർഷം കാർഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള വായ്പാ വിതരണത്തിന് ഊന്നൽ നൽകുമെന്നും കാർഷിക മേഖലാ വായ്പയുടെ നിൽപ്പുബാക്കി ബാങ്കിന്റെ മൊത്തം വായ്പയുടെ 30 ശതമാനത്തിലേക്ക് ഉയർത്തുമെന്നും അറിയിച്ചിട്ടുണ്ട്. 

അതേസമയം നബാർഡ് ഇൻസ്പെക്ഷനെ തുടർന്ന് നടത്തിയ റേറ്റിംഗ് കുറഞ്ഞത് ബാങ്കിന്റെ പ്രവർത്തനത്തെ വലിയ തോതിൽ ബാധിക്കുന്നതല്ലെന്നാണ് ഔദ്യോഗിക വിശദീകരണം. . 2022-23 സാമ്പത്തിക വർഷം നബാർഡ് ചൂണ്ടിക്കാട്ടിയ കുറവുകൾ ഭൂരിഭാഗവും പരിഹരിക്കുന്നതിന് 2023-24 സാമ്പത്തിക വർഷം കേരള ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്നും ബാങ്ക് വിശദീകരിക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group