തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തില്‍ രണ്ടാം ശനിയാഴ്ചകള് ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ കോടതിയിലേക്ക്. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും സര്‍ക്കാര്‍ നിലപാടില്‍ കാര്യമായ മാറ്റമുണ്ടാകാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎ ഹൈക്കോടതിയെ സമീപിക്കുന്നത്.
ഇന്നു തന്നെ ഓണ്‍ലൈനായി ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് അധ്യാപകസംഘടനാ ഭാരവാഹികള്‍ അറിയിച്ചു. കേരളാ വിദ്യാഭ്യാസ ചട്ടമനുസരിച്ച് ആറാം പ്രവര്‍ത്തി ദിവസം സ്കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടതില്ല. എന്നാല്‍ പുതിയ അക്കാദമിക് കലണ്ടര്‍ പ്രകാരം ആറാം പ്രവൃത്തി ദിനവും സ്കൂള്‍ പ്രവര്‍ത്തിക്കണം. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എല്‍പിയില്‍ 800 മണിക്കൂറും യുപിയില്‍ 1000 മണിക്കൂറും ഹൈസ്കൂളിലും ഹയര്‍ സെക്കൻഡറിയിലും 1200 മണിക്കൂറുമാണ് അധ്യയന സമയം.
ഇതുപ്രകാരം എല്‍പിയില്‍ 160 ദിവസവും യുപിയില്‍ 200 ദിവസവും അധ്യയനം മതി. എന്നാല്‍ ഇക്കാര്യം കഴിഞ്ഞ ദിവസവും വിദ്യാഭ്യാസ മന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചപ്പോള്‍ പിന്നീട് ആലോചിക്കാമെന്ന മറുപടിയാണ് മന്ത്രിയില്‍ നിന്നു ലഭിച്ചതെന്നു കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍ മജീദ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
യാതൊരു ചര്‍ച്ചയും നടത്താതെ ഏകപക്ഷീയമായാണ് അക്കാദമിക് കലണ്ടര്‍ പുറത്തിറക്കിയത്. കലണ്ടര്‍ പ്രകാരം ക്ലസ്റ്റര്‍ യോഗം എന്നു പറഞ്ഞ ദിവസം ക്ലസ്റ്റര്‍ മാറ്റിവച്ച് പ്രവൃത്തി ദിവസമാക്കി മാറ്റി. അപ്പോള്‍ പിന്നെ അക്കാദമിക് കലണ്ടര്‍ എന്നു പറഞ്ഞത് എന്താണ് സൂചിപ്പിക്കുന്നതെന്നും പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ചോദിക്കുന്നു.
إرسال تعليق