കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ പല ഘട്ടങ്ങളിലായി ഇരുപത് കിലോയോളം സ്വര്‍ണം കടത്തിയെന്നാണ് ഡിആര്‍ഐക്ക് ലഭിച്ച വിവരം. സംഭവത്തില്‍ അറസ്റ്റിലായ തില്ലങ്കേരി സ്വദേശി സുഹൈലാണ് എയര്‍ ഹോസ്റ്റസുമാരെ സ്വര്‍ണക്കടത്തിന് നിയോഗിക്കുന്ന മുഖ്യ കണ്ണിയെന്നും ഡിആര്‍ഐ പറഞ്ഞു. സംഘത്തിലെ കണ്ണികളായ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്നും ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു.
28-ാം തീയതിയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് കൊല്‍ക്കത്ത സ്വദേശിയായ സുരഭിയെ സ്വര്‍ണവുമായി പിടികൂടിയത്. മസ്‌ക്കറ്റില്‍ നിന്ന് കണ്ണൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് IX 714 വിമാനത്തിലെ ജീവനക്കാരിയാണ് 26കാരിയായ സുരഭി. മലദ്വാരത്തില്‍ 960 ഗ്രാം സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. കോടതിയില്‍ ഹാജരാക്കിയ സുരഭിയെ 14 ദിവസത്തെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.
സുരഭിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനും തില്ലങ്കേരി സ്വദേശിയുമായ സുഹൈലിനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. പത്ത് വര്‍ഷമായി ക്യാബിന്‍ ക്രൂവായി ജോലി ചെയ്യുകയാണ് സുഹൈല്‍. ഈ രീതിയില്‍ സ്വര്‍ണം കടത്തിയതിന് വിമാനക്കമ്പനി ജീവനക്കാര്‍ പിടിയിലാകുന്നത് രാജ്യത്തെ ആദ്യ സംഭവമാണെന്നും ഡിആര്‍ഐ ചൂണ്ടിക്കാട്ടി.
കഴിഞ്ഞവര്‍ഷം മാര്‍ച്ചിലും സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനെ കസ്റ്റംസ് പിടികൂടിയിരുന്നു. വയനാട് സ്വദേശിയായ ഷാഫിയെന്ന യുവാവിനെയാണ് 1.45 കിലോ സ്വര്‍ണവുമായി കൊച്ചി വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. ബഹ്റിന്‍-കോഴിക്കോട്- കൊച്ചി വിമാനത്തിലെ ജീവനക്കാരനായിരുന്നു ഷാഫി.
إرسال تعليق