തിരുവനന്തപുരം/കൊച്ചി: പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരിക്കേ, സംസ്ഥാനത്ത് ഒരു പോലീസുകാരന്‍ കൂടി ജീവനൊടുക്കി. ഇതോടെ കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ ജീവനൊടുക്കിയ പോലീസുകാരുടെ എണ്ണം ആറായി. തിരുവനന്തപുരം സിറ്റി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റില്‍ (നോര്‍ത്ത്) ജോലിചെയ്തിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ പാറശാല സ്വദേശി മദനകുമാറി(36)നെയാണു പൂന്തുറ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുണ്ടായിരുന്നു. അഞ്ചുമാസമായി ക്വാര്‍ട്ടേഴ്‌സില്‍ ഒറ്റയ്ക്കായിരുന്നു താമസം. ജോലിസമ്മര്‍ദം മൂലമാണു പോലീസില്‍ ആത്മഹത്യ പെരുകുന്നതെന്നു വ്യാപകപരാതിയുണ്ട്. അഞ്ചുവര്‍ഷത്തിനിടെ 88 പോലീസുകാരാണു ജീവനൊടുക്കിയത്. മാനസികസമ്മര്‍ദം ലഘൂകരിക്കാന്‍ കൗണ്‍സലിങ് ഉള്‍പ്പെടെ നിര്‍ദേശിച്ച് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ഡിസംബര്‍ ഏഴിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. ആവശ്യത്തിന് അവധിയടക്കം കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷവേളകള്‍ ചെലവിടാന്‍ പോലീസുകാര്‍ക്ക് അവസരം നല്‍കണമെന്നു സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു.
ജോലിസമ്മര്‍ദം മറികടക്കാന്‍ മദ്യത്തില്‍ അഭയം തേടുന്ന പോലീസുകാരുടെ എണ്ണവും വര്‍ധിച്ചു. ലഹരിക്കടിമയായി കുടുംബബന്ധങ്ങളില്‍പ്പോലും വിള്ളല്‍ വീഴുമ്പോഴാണു പലരും കടുംകൈക്കു മുതിരുന്നതെന്നാണു സൂചന. നിരവധി പോലീസുകാര്‍ ജോലി ഉപേക്ഷിക്കുന്ന പ്രവണതയും വര്‍ധിച്ചു. പലരും സ്വയംവിരമിക്കലിന് അപേക്ഷ നല്‍കിയിട്ടുണ്ട്. 2016-ലാണ് ഏറ്റവും കൂടുതല്‍ പോലീസ് ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് വനിതകളും ഇതില്‍ ഉള്‍പ്പെടുന്നു.
إرسال تعليق