കോഴിക്കോട്: ആർ എം പി നേതാവ് ഹരിഹരന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്ത്. സ്ത്രീവിരുദ്ധ പരാമർശം കെ എസ് ഹരിഹരന്‍റെ മാത്രം ആത്മനിഷ്ഠ പ്രസംഗമായി കാണുന്നില്ലെന്നാണ് പി മോഹനൻ പറഞ്ഞത്. യു ഡി എഫിന്‍റെ സൈബർ ഗ്രൂപ്പുകളും ഇത്തരം പ്രചാരണം നടത്തിയിരുന്നുവെന്നും നേരത്തെയും ഇത്തരം പ്രചാരണങ്ങൾ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്‍റെ ഇരവാദം ആരും വിശ്വസിക്കില്ല. ഇന്ത്യ മുഴുവൻ ആരാധിക്കുന്ന സിനിമാ താരത്തെ അധിക്ഷേപിക്കുന്നത് കേവലം ഖേദ പ്രകടനം കൊണ്ട് അവസാനിപ്പിക്കാൻ കഴിയില്ലെന്നും പി മോഹനൻ പറഞ്ഞു. ഖേദ പ്രകടനം കൊണ്ട് വിഷയം അവസാനിക്കില്ലെന്നും നിയമ നടപടികൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി എച്ച് കണാരനെ അധിക്ഷേപിച്ചതിലും നിയമനടപടി ഉണ്ടാകും. പരാമർശം തിരുത്തി എന്ന് പറയുന്നത് ഉരുണ്ടു കളിയാണെന്നും പി മോഹനൻ അഭിപ്രായപ്പെട്ടു.
ശൈലജ ടീച്ചർ നേരത്തെ പറഞ്ഞത് വീഡിയോ ഉണ്ടെന്നല്ല വക്രീകരിച്ച ചിത്രം ഉണ്ടെന്നാണെന്നും അദ്ദേഹം വിവരിച്ചു. സൈബർ പ്രചരണത്തിൽ തന്‍റെ മകനെതിരെ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അതും അന്വേഷിക്കട്ടെയെന്നും സി പി എം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ചരിത്ര പിൻബലം ഇല്ലാത്ത പ്രചാരണങ്ങൾക്ക് മാധ്യമ പ്രവർത്തകരും കൂട്ടു നിന്നു. ആദ്യഘട്ടത്തിൽ ടീച്ചർക്കെതിരെ വ്യക്തിഹത്യ നടന്നു. പിന്നീട് അത് വർഗീയ പ്രചാരണത്തിന് വഴിമാറി. പക്ഷേ മത നിരപേക്ഷ മനസ്സുകൾ കള്ള പ്രചാരണം തിരിച്ചറിഞ്ഞെന്നും ന്യൂനപക്ഷങ്ങൾ സി പി എമ്മിനോട് അടുക്കുന്നതിൽ യു ഡി എഫിന് ആശങ്കയെന്നും സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു. യു ഡി എഫിന് സംഘപരിവാർ മനസ്സ് ഉണ്ടെന്നും വോട്ടെണ്ണൽ അടുത്ത് വരുന്ന സാഹചര്യത്തിലുള്ള ബേജാറാണ് യു ഡി എഫിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
إرسال تعليق