കൊച്ചി: കേരളം ഞെട്ടിയ കൊച്ചി പനമ്പള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതക കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇന്ന് വിശദാംശങ്ങൾ കോടതിയെ അറിയിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡിഷ്യൽ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം. പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ മൊഴി എതിരാണെങ്കിൽ മാത്രം ആൺ സുഹൃത്തിനെതിരെ കേസ് എടുക്കാനാണ് നിലവിൽ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
അതേസമയം സംഭവത്തിൽ ബലാത്സംഗത്തിനുകൂടി കേസെടുക്കാൻ പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായതെന്നാണ് യുവതി പ്രാഥമികമായി നൽകിയ മൊഴി. ഇൻസ്റ്റാം ഗ്രാമിൽ റീലുകൾ ചെയ്തിരുന്ന യുവതി അങ്ങനെയാണ് തൃശൂർ സ്വദേശിയായ നർത്തകനുമായി പരിചയപ്പെട്ടത്. ഇയാളിൽ നിന്ന് ഗർഭിണിയായി എന്നും എന്നാൽ കുറേ മാസങ്ങളായി ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങളില്ലെന്നുമാണ് യുവതി മൊഴി നൽകിയത്. ഇതിനാലാണ് ബലാത്സംഗത്തിന് കേസെടുക്കാൻ പൊലീസിന് നിയമോപദേശം ലഭിച്ചത്.
അതേസമയം വർഷങ്ങളായി ഫ്ലാറ്റിൽ താമസിക്കുന്ന യുവതിയും മതാപിതാക്കളെയും പുറത്തുകണ്ടിരുന്നെന്നും അസ്വോഭാവികമായി ഒന്നും തോന്നിയില്ലെന്നുമാണ് മറ്റ് താമസക്കാരും ഫ്ളാറ്റ് ജീവനക്കാരും പറയുന്നത്. ഫ്ലാറ്റിന്‍റെ മുകളിലുത്തെ നിലയിൽനിന്നാണ് കുഞ്ഞിന്‍റെ ശരീരം റോഡിൽപ്പതിച്ചതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് തന്നെ പൊലീസിന് വ്യക്തമായിരുന്നു. കുഞ്ഞിനെപ്പൊതിഞ്ഞ ആമസോൺ കവറിന്‍റെ ക്യൂ ആർ കോഡ് സ്കാൻ ചെയ്താണ് ഏതു ഫ്ലാറ്റാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസെത്തുമ്പോഴെക്കും ക്ഷീണിതയായിരുന്ന യുവതി മാനസികമായി തളർന്ന നിലയിലായിരുന്നു. ആശുപത്രിവാസത്തിനുശേഷമാകും വിശദമായ മൊഴിയെടുക്കുക.
إرسال تعليق