കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് പരിയാരത്തേക്ക് റഫർ ചെയ്ത ഇതരസംസ്ഥാനക്കാരൻ മരിച്ച സംഭവത്തിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി ജില്ലാ പഞ്ചായത്ത്. ആശുപത്രി അധികൃതർ ഉത്തരവാദിത്തം കാട്ടിയില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം സംഭവത്തിലെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങി പൊലീസ്. ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത ഇതരസംസ്ഥാനക്കാരനെ ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വലിയ വീഴ്ചയാണ് ആശുപത്രിയുടെ ഭാഗത്ത് ഉണ്ടായത്.
കാലിന് പരിക്കേറ്റ് അവശനായിരുന്നയാളെ കൂട്ടിരിപ്പുകാർ ഇല്ലെന്ന് പറഞ്ഞാണ് ആംബുലൻസിൽ കൊണ്ടുപോവാഞ്ഞത്. സംഭവത്തിൽ ഇതരസംസ്ഥാനക്കാരനായ രോഗി ആംബുലൻസില്ലാത്തതിനാൽ ആശുപത്രിയിലേക്ക് തിരികെ കയറാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ജീവനക്കാർ തളളിപ്പുറത്താക്കിയെന്നും ആക്ഷേപമുണ്ട്.
കണ്ണൂർ പഴയ ബസ്റ്റാന്‍റ് പരിസരത്ത് അവശനിലയിലാണ് ഇതരസംസ്ഥാനക്കാരനെ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് ആദ്യമായി ഇയാളെ പൊലീസ് ജില്ലാ ആശുപത്രിയിൽ ലെത്തിച്ചത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച രോഗി പാതിരാത്രി പുറത്തേക്ക് പോയി. പിന്നീട് വെളളിയാഴ്ച രാവിലെ ഫയർ ഫോഴ്സ് വീണ്ടും കണ്ടെത്തി ആശുപത്രിയിലെത്തിച്ചു. അവശനിലയിലായ രോഗിയെ കൂടുതൽ ചികിത്സയ്ക്ക് പരിയാരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. 108 ആംബുലൻസ് എത്തിയെങ്കിലും കൂട്ടിരിപ്പുകാർ ഇല്ലാത്തതിനാൽ കൊണ്ടുപോയില്ല.
ജില്ലാ ആശുപത്രിയിൽ നിന്ന് ജീവനക്കാരനെ രോഗിക്കൊപ്പം മെഡിക്കൽ കോളേജിലേക്ക് അയക്കാനും അധികൃതര്‍ തയ്യാറായില്ല. രോഗി വീണ്ടും അത്യാഹിത വിഭാഗത്തിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ജീവനക്കാർ തളളിപ്പുറത്താക്കിയെന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ ആംബുലൻസ് ഡ്രൈവർമാർ പ്രതികരിച്ചത്. പിന്നീട് ബസ് സ്റ്റാന്‍റ് പരിസരത്തേക്ക് പോയ ഇയാളെ ഇന്നലെ ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
إرسال تعليق