തലശേരി: കുടുംബപ്രശ്നത്തെ തുടർന്ന് ഭാര്യയെയും ഒന്നരവയസുകാരിയായ ഏക മകളെയും പുഴയില്‍ തള്ളിയിടുകയും മകള്‍ മരിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയില്‍ ഹർജി നല്‍കി.ഹർജി 30ന് കോടതി പരിഗണിക്കും.
കുടുംബ കോടതി ജീവനക്കാരനായിരുന്ന പാട്യം പത്തായക്കുന്നിലെ കുപ്പിയാട്ട് മടപ്പുര വീട്ടില്‍ കെ.പി. ഷിനു (45) പ്രതിയായ കേസിലാണ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.അജിത്ത്കുമാർ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയില്‍ ഹർജി നല്‍കിയത്.
പ്രതി ഭാര്യയോട് കത്തിലൂടെ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെടുകയും സ്വർണവും പണവും തിരിച്ചു നല്‍കാമെന്ന് പറയുകയും ചെയ്തിരുന്നു. ഇത് ജാമ്യ വ്യവസ്ഥകളുടെ മേലുള്ള ലംഘനമാണെന്നാണ് വിലയിരുത്തല്‍. കേസിലെ സാക്ഷിയായ ഭാര്യ സോനക്ക് പ്രതി അയച്ച 15 കത്തുകളില്‍ അഞ്ച് കത്തുകള്‍ പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി. " തെറ്റു ചെയ്തു , മാപ്പാക്കണം, സ്വർണവും പണവും തിരിച്ചു നല്‍കാം, മൊഴി മാറ്റി പറയണം' എന്നിങ്ങനെ എഴുതിയ കത്തുകളാണ് പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ഈ കത്തുകള്‍ പ്രതി എഴുതിയതെല്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.
വിചാരണക്ക് മുന്നോടിയായി പ്രതിക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ഈ കേസില്‍ വിവിധ കാരണങ്ങളാല്‍ വിചാരണ നീണ്ടുപോകുന്നതിനിടയിലാണ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന പ്രതിഭാഗത്തിന്‍റെ വാദത്തെ തുടർന്ന് മെഡിക്കല്‍ ബോർഡും പിന്നീട് കൃതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലും പ്രതിയെ പരിശോധിക്കുകയും മാനസികരോഗമില്ലെന്ന രേഖ പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
2021 ഒക്‌ടോബർ 15 ന് വൈകുന്നേരം ആറോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ ചോയ്യാടത്തെ എം.പി.സോനയെയും (35) മകള്‍ അൻവിതയേയും ബൈക്കില്‍ കയറ്റി മൊകേരി പാത്തിപ്പാലത്തെ വാട്ടർ അഥോറിറ്റിയുടെ ചെക്ക്ഡാമിനടുത്തായി കൊണ്ടുപോയ ശേഷം ഡാമിലേക്ക് തള്ളിയിട്ടുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഒഴുക്കില്‍പ്പെട്ട സോന കുറച്ചകലെയുള്ള കൈതച്ചെടിയില്‍ പിടിച്ചു രക്ഷപ്പെട്ടു.
അൻവിതയുടെ മുതദേഹം തെരച്ചിലില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു. പാനൂർ സിഐയായിരുന്ന എം.പി.ആസാദാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
إرسال تعليق