കോഴിക്കോട്: മഴക്കാലമാണ്. സ്കൂളുകള്‍ തുറക്കാന്‍ പോകുന്നു. ഈ സമയത്തു മുന്നറിയിപ്പു നൽകുകയാണു ദുരന്ത നിവാരണ അഥോറിറ്റി. ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കണമെന്നാണു പ്രധാനപ്പെട്ട മുന്നറിയിപ്പുകളില്‍ ഒന്ന്. അനാവശ്യമായ യാത്രകള്‍, പ്രത്യേകിച്ചും മലയോര മേഖലകളിലക്കുള്ളത് ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്കു മാറി താമസിക്കേണ്ടതാണ്. പകൽ സമയത്തുതന്നെ മാറി താമസിക്കാൻ ആളുകൾ തയാറാകണം.
സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്കു മാറണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്കു സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങളുടെ ശിഖരങ്ങൾ വെട്ടുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണെന്നും മുന്നറിയിപ്പു നല്കുന്നു.
إرسال تعليق