തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗവും വൈദ്യുതി പ്രതിസന്ധിയുമുള്ള സാഹചര്യത്തിൽ ക്രൈസ്തവ സഭകൾ മിതത്വം പാലിക്കണമെന്ന് നിർദ്ദേശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് കോറിലോസ്. കടുത്ത ഉഷ്ണ തരംഗവും വൈദ്യുതി പ്രതിസന്ധിയും പരിഗണിച്ചെങ്കിലും ക്രൈസ്തവ സഭകൾ പെരുന്നാൾ സീസണിൽ രാത്രി പ്രദക്ഷിണവും ദീ പാലങ്കാരങ്ങളും ഒഴിവാക്കുവാൻ തീരുമാനിച്ചാൽ നന്നായിരിക്കുമെന്ന് ഗീവർഗീസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ നിർദേശം. നേരത്തേയും ഒട്ടേറെ പ്രാധാന്യമുള്ള വിഷയങ്ങളിൽ ഗീ വർഗീസ് കോറിലോസ് അഭിപ്രായം രേഖപ്പടുത്തി രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടിയതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങിയിരിക്കുകയാണ് കെഎസ്ഇബി. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ പാലക്കാട്ട് നിയന്ത്രണമേർപ്പെടുത്തി. രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ നിയന്ത്രണമെന്നാണ് പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത. മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ,ഒലവക്കോട് സബ്സ്റ്റേഷനുകളിലാണ് നിയന്ത്രണം. മേഖലകളിൽ നിയന്ത്രണത്തിനു ചീഫ് എഞ്ചിനീയർമാരെ കെഎസ്ഇബി ചുമതലപ്പെടുത്തിയിരുന്നു.
കൊടുംചൂടിൽ കൂടിയ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ കെഎസ്ഇബി മാർഗ നിർദേശവും പുറത്തിറക്കിയിട്ടുണ്ട്. രാത്രി പത്ത് മുതൽ പുലർച്ചെ രണ്ട് മണി വരെയാണ് വൈദ്യുതി ക്രമീകരണം വരുത്തേണ്ടത്. രാത്രി 9 കഴിഞ്ഞാൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളും പ്രവർത്തിപ്പിക്കരുത്. വീടുകളിൽ എസി 26 ഡിഗ്രിക്ക് മുന്നിൽ ക്രമീകരിക്കണം. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തി വീണ്ടും കെഎസ്ഇബി സർക്കാരിന് റിപ്പോർട്ട് നൽകും. ജല വിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റി പംബിങ് ക്രമീകരിക്കണം നടത്തണമെന്നും ലിഫ്റ്റ് ഇറിഗേഷൻ പമ്പുകൾ പീക്ക് സമയത്ത് ഉപയോഗിക്കരുതെന്നും വാട്ടർ അതോരിറ്റിക്കും നിർദ്ദേശമുണ്ട്.
ഗീവർഗീസ് കോറിലോസിന്റെ ഫേസ്ബുക്കിന്റെ പൂർണരൂപം
കടുത്ത ഉഷ്ണ തരംഗവും വൈദ്യുതി പ്രതിസന്ധിയും പരിഗണിച്ചെങ്കിലും ക്രൈസ്തവ സഭകൾ ഈ പെരുന്നാൾ സീസണിൽ രാത്രി പ്രദക്ഷിണവും ദീ പാലങ്കാരങ്ങളും ഒഴിവാക്കുവാൻ തീരുമാനിച്ചാൽ എത്ര ദീപ്തമായ ഒരു സുവിശേഷമാകും അത്! ചെവിയുള്ളവർ കേൾക്കട്ടെ!
إرسال تعليق