Join News @ Iritty Whats App Group

സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട ശേഷം രക്ഷിക്കാനെന്ന വ്യാജേനെ അടുത്തുകൂടി ആഭരണങ്ങള്‍ കവര്‍ന്നു; മുടിയില്‍ കുത്തിപ്പിടിച്ച് മറ്റേ കാലില്‍ക്കിടന്ന പാദസരം പൊട്ടിച്ചെടുത്തു, മോതിരവും കൈചെയിനും ബലമായി ഊരിയെടുത്തു


ഹരിപ്പാട്: സ്‌കൂട്ടര്‍ യാത്രികയെ രണ്ടംഗ സംഘം സ്‌കൂട്ടര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തി ആഭരണങ്ങള്‍ കവര്‍ന്നു. കരിപ്പുഴ നാലുകെട്ടുംകവല കവലക്കല്‍ രവിയുടെ മകള്‍ ആര്യ(23)യെയാണു സ്‌കൂട്ടര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം ആഭരണങ്ങള്‍ കവര്‍ന്നത്. മൂന്നു പവന്റെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ മുട്ടം എന്‍.ടി.പി.സി റോഡിലായിരുന്നു സംഭവം.

രാമപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ പിന്നിലൂടെ എത്തിയ സ്‌കൂട്ടര്‍ ആര്യയുടെ സ്‌കൂട്ടറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ആര്യയെ രക്ഷിക്കാന്‍ എന്ന വ്യാജേന അടുത്തെത്തി ഒരു കാലില്‍ കിടന്ന പാദസരം ബലമായി ഉൗരിയെടുത്തു. ഓടി രക്ഷപെടാന്‍ ശ്രമിച്ച ആര്യയുടെ മുടിയില്‍ കുത്തിപ്പിടിച്ച് മറ്റേ കാലില്‍ക്കിടന്ന പാദസരം പൊട്ടിച്ചെടുക്കുകയും ഇരു കൈകളിലും കിടന്ന രണ്ടു മോതിരവും കൈ ചെയിനും ബലമായി ഉൗരിയെടുക്കുകയും ചെയ്തു.

സംഭവത്തില്‍ ആര്യ പോലീസില്‍ പരാതി നല്‍കി. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് മൊഴിയില്‍ പറയുന്നു. സംഭവ സമയത്ത് മഴയും റോഡ് വിജിനവുമായതിനാല്‍ താന്‍ ഉറക്കെ നിലവിളിച്ചെങ്കിലും ആരും രക്ഷപെടുത്താന്‍ എത്തിയില്ലെന്നും ആര്യ പറഞ്ഞു. കരീലക്കുളങ്ങര പോലീസ് അനേ്വഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി.

സംഭവം നടന്ന റോഡ് ഒന്നേകാല്‍ കിലോമീറ്ററോളം പാടത്തിനു മധ്യത്തിലൂടെയുള്ള വിജിനമായ പ്രദേശമാണ്. ഇവിടുത്തെ തെരുവുവിളക്കുകള്‍ കത്താറില്ലെന്നും രാത്രികാലങ്ങളില്‍ ഇവിടെ സാമൂഹികവിരുദ്ധരുടെ ശല്യം കൂടുതലാണെന്നും നാട്ടുകാര്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group