ദൈവം തന്നെ നേരിട്ട് ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. മോദി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ ഏതെങ്കിലും സാധാരണക്കാരനാണ് പറയുന്നതെങ്കില്‍ ജനങ്ങള്‍ അയാളെ ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി.
വടക്കു-കിഴക്കന്‍ ഡല്‍ഹിയില്‍ ദില്‍ഷദ് ഗാര്‍ഡനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിന് വേണ്ടി സംഘടിപ്പിച്ച പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്നെ ദൈവം നേരിട്ട് ഭൂമിയിലേക്ക് അയച്ചതാണെന്ന് പറഞ്ഞത്.
ജനങ്ങള്‍ക്ക് നല്ലത് ചെയ്യാന്‍ വേണ്ടി ദൈവം തന്നെ നേരിട്ട് ഭൂമിയിലേക്ക് അയച്ചെന്നാണ് ബിജെപിയുടെ നേതാവ് അവകാശപ്പെടുന്നത്. എന്നാല്‍ അദ്ദേഹം ആകെ 22 പേര്‍ക്ക് വേണ്ടിയാണ് നല്ലത് ചെയ്യുന്നത്. പാവങ്ങള്‍ക്ക് വേണ്ടി ഒന്നും തന്നെ ചെയ്യുന്നില്ല. അമ്പാനിയുടെയും അദാനിയുടെയും ആഗ്രഹങ്ങള്‍ക്ക് വേണ്ടിയാണ് മോദി പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ദൈവം നേരിട്ടയച്ച ഒരാള്‍ സമ്പന്നര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നത് വിചിത്രമാണ്. രാജ്യത്തിന്റെ സമ്പത്തായ റെയില്‍വേയും തുറമുഖങ്ങളും എയര്‍പോര്‍ട്ടുകളുമെല്ലാം അദാനിക്ക് നല്‍കി കഴിഞ്ഞു. ദരിദ്രര്‍ ആശുപത്രിയോ നല്ല വിദ്യാഭ്യാസമോ ചോദിച്ചാല്‍ മോദി ഒന്നും ചെയ്യില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
إرسال تعليق