തൃശൂര്‍: ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബസിൽ നിന്നും കണ്ടക്ടർ തള്ളിയിട്ട വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്രന് (68) ആണ് മരിച്ചത്.
കഴിഞ്ഞ ഏപ്രില്‍ രണ്ടിന് തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബസിലാണ് സംഭവം. 13 രൂപയുടെ ടിക്കറ്റിന് പവിത്രന് 500 രൂപയാണ് നൽകിയത് . എന്നാല്‍ 480 രൂപ മാത്രമാണ് കണ്ടക്ടര്‍ തിരികെ നല്‍കിയത്. ബാക്കി തുകയുടെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ പവിത്രന് ഇറങ്ങേണ്ട സ്റ്റോപ്പ് കഴിഞ്ഞുപോയി.
തൊട്ടടുത്ത സ്റ്റോപ്പില്‍ ഇയാള്‍ ഇറങ്ങാന്‍ ശ്രമിക്കവേ കണ്ടക്ടര്‍ പിന്നില്‍നിന്ന് ചവിട്ടുകയായിരുന്നു. റോഡിലേക്ക് തലയടിച്ച് വീണ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.വീണ് കിടന്ന പവിത്രനെ കണ്ടക്ടര്‍ വീണ്ടും മര്‍ദിച്ചതായും ബസിലെ യാത്രക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
പിന്നീട് നാട്ടുകാർ ഇടപെട്ട് കണ്ടക്ടറെ പിടിച്ചുമാറ്റിയാണ് പവിത്രനെ ആശുപത്രിയിലെത്തിച്ചത്. കൊച്ചിയിലെ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന പവിത്രന് ഇന്ന് രാവിലെയാണ് മരിച്ചത്.
സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചിരുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
إرسال تعليق