നവജാതശിശുവിനെ താഴേക്ക് എറിഞ്ഞു കൊന്ന കേസ് ; ഗര്‍ഭത്തിന് ഉത്തരവാദി ഡാന്‍സറായ തൃശൂര്‍ സ്വദേശി, ബലാല്‍ക്കാരമെന്ന് സൂചന ; കാമുകനെതിരേ പരാതി നല്‍കാന്‍ യുവതി തയാറായിട്ടില്ല
കൊച്ചി: പനമ്പിള്ളിനഗര്‍ വിദ്യാനഗറിലെ ഫ്‌ളാറ്റില്‍നിന്നു നവജാത ശിശുവിനെ മാതാവ് താഴേക്ക് എറിഞ്ഞു കൊന്ന കേസില്‍ കാമുകനെ ചോദ്യംചെയ്യുന്നതു യുവതിക്കു പരാതിയുണ്ടെങ്കില്‍ മാത്രം. കേസില്‍ കുഞ്ഞിന്റെ അമ്മ (23) മാത്രമാണു നിലവില്‍ പ്രതി. കൊലപാതകത്തില്‍ പ്രതിയുടെ മാതാപിതാക്കള്‍ക്കു പങ്കില്ലെന്നും പോലീസ് പറയുന്നു.
ഡാന്‍സറായ തൃശൂര്‍ സ്വദേശിയാണു ഗര്‍ഭത്തിന് ഉത്തരവാദിയെന്നാണു യുവതി പറഞ്ഞത്. തന്റെ സമ്മതമില്ലാതെയാണു ബന്ധപ്പെട്ടതെന്നും അവര്‍ പറയുന്നു. എന്നിട്ടും ഇരുപത്തേഴുകാരനായ കാമുകനെതിരേ പരാതി നല്‍കാന്‍ യുവതി തയാറായിട്ടില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണു യുവതി. മാനസികനില ഭേദപ്പെട്ടശേഷം വിശദമായ ചോദ്യംചെയ്യലിനു ഒരുങ്ങുകയാണു പോലീസ്.
യുവതിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനോടു പോലീസ് അനൗദ്യോഗികമായി വിവരങ്ങള്‍ തേടി. യുവതി ഗര്‍ഭിണിയായ കാര്യം യുവാവിന് അറിയാമായിരുന്നു. രണ്ടു മാസമായി ഇരുവരും പിണക്കത്തിലായിരുന്നു. അതിനാല്‍, കൊലയില്‍ യുവാവിനു പങ്കില്ലെന്നാണു നിഗമനം.
അതേസമയം, നവജാത ശിശുവിന്റെ ഡി.എന്‍.എ. പരിശോധന നടത്തും. ഭാവിയില്‍ ആവശ്യമായി വന്നാല്‍, കുട്ടിയുടെ പിതാവിനെ ഉറപ്പിക്കാനാണിത്. കൊലക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിക്കു ഗുരുതരമായ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്നാണു മൂന്നിനുരാത്രി വൈകി നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. വൈദ്യസഹായമില്ലാതെ ശൗചാലയത്തില്‍ പ്രസവിച്ചതിനേ തുടര്‍ന്നാണു യുവതിക്ക് അണുബാധ ഉണ്ടായതെന്നാണു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി പ്രതിയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. യുവതിയില്‍നിന്നു മൊഴി എടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ പിന്‍വാങ്ങി. യുവതിയുടെ മാതാപിതാക്കളില്‍നിന്നു വീണ്ടും മൊഴിയെടുത്തു. യുവതി ഗര്‍ഭിണിയായിരുന്നു എന്ന വിവരമോ പ്രസവിച്ചതോ തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് ഇരുവരും പറയുന്നത് വിശ്വസനീയമെന്നാണു പോലീസ് കരുതുന്നത്.
പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊല്ലാന്‍ യുവതി ശ്രമിച്ചെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. എറിയുമ്പോഴും കുട്ടിക്കു ജീവനുണ്ടായിരുന്നുവെന്നാണു സൂചന. കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമം നടത്തിയെന്നും ഇതിനിടെ യുവതിയുടെ മാതാവു വാതിലില്‍ മുട്ടിവിളിച്ചതോടെ വെപ്രാളത്തില്‍ കുട്ടിയെ താഴേക്ക് എറിഞ്ഞു എന്നുമാണു നിഗമനം.
إرسال تعليق