Join News @ Iritty Whats App Group

ലോകസഭ തിരഞ്ഞെടുപ്പുഫലം വന്നാല്‍ ജാഗ്രത പാലിക്കണം; വര്‍ഗീയനീക്കങ്ങളെ പ്രതിരോധിക്കണം; പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങളുമായി സിപിഎം


വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായി വര്‍ഗീയ, അശ്ലീല പ്രചാരണം നടത്തിയത് യുഡിഎഫ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിലൊന്നും ഉത്തരവാദിത്വമില്ലെന്ന് അവര്‍ പറഞ്ഞപ്പോഴും കേസുകളില്‍ അറസ്റ്റിലായതെല്ലാം യുഡിഎഫുകാരാണ്. ഒഞ്ചിയത്തെ യോഗത്തില്‍ ആര്‍എംപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളും അവരുടെ നയം തെളിയിച്ചു. ശക്തമായ ജനരോഷമുയര്‍ന്നിട്ടും അതിനെതിരെ നിലപാടെടുക്കാന്‍ യുഡിഎഫോ അവരുടെ സ്ഥാനാര്‍ഥിയോ തയ്യാറായിട്ടില്ല.

വടകരയില്‍ വര്‍ഗീയ സംഘര്‍ഷാവസ്ഥ നിലനിര്‍ത്താനാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. അത് മനസ്സിലാക്കി സിപിഎം, എല്‍ഡിഎഫ് പ്രവര്‍ത്തകരും ജനങ്ങളും സൗഹാര്‍ദം കാത്തുസൂക്ഷിക്കണം. തിരഞ്ഞെടുപ്പുഫലം വന്നാലും വര്‍ഗീയനീക്കങ്ങളെ പ്രതിരോധിക്കാന്‍ ജാഗ്രത പാലിക്കണം.

മഴക്കെടുതിയുടെ ദുരിതം പരിഹരിക്കാന്‍ യോഗം ചേരുന്നത് തടയുന്ന തെരഞ്ഞെടുപ്പുകമീഷന്‍ ബിജെപിയും പ്രധാനമന്ത്രിയും നടത്തുന്ന മുസ്ലീം വിരോധ പ്രചാരണത്തിനെതിരെ നാവനക്കുന്നില്ല. കമീഷന്റെ പരിഗണന ഏതിനാണ് എന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

അതിവേഗം കേരളത്തെ ബാധിച്ച മഴക്കെടുതി പ്രതിരോധിക്കാന്‍ മന്ത്രിമാരടക്കം പങ്കെടുത്ത് അടിയന്തരയോഗം ചേരേണ്ടതുണ്ട്. അതാണ് തെരഞ്ഞെടുപ്പുകമീഷന്‍ തടഞ്ഞത്. സന്നദ്ധപ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ പാര്‍ടി പ്രവര്‍ത്തകരുള്‍പ്പെടെ ഏവരും മുന്നോട്ടുവരണമെന്നും ഗോവിന്ദന്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group