തന്നെ ദൈവം നേരിട്ട് ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസ്താവനയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ അതിസമ്പന്നരായ ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും സഹായിക്കാനാണ് മോദിയെ ദൈവം അയച്ചതെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.
കര്‍ഷകരെയും തൊഴിലാളികളെയും സേവിക്കാനല്ല നരേന്ദ്ര മോദിയെ അയച്ചതെന്നും രാഹുല്‍ പറഞ്ഞു. എല്ലാവരുടെയും ജനനം ജൈവികമാണ്. എന്നാല്‍ മോദിയുടേത് അങ്ങനെയല്ല. അദാനിയെയും അംബാനിയെയും സഹായിക്കാനാണ് പരമാത്മാവ് മോദിയെ അയച്ചത്. പരമാത്മാവാണ് അയച്ചതെങ്കില്‍ മോദി പാവപ്പെട്ടവരെയും കര്‍ഷകരെയും സഹായിക്കുമായിരുന്നെന്നും രാഹുല്‍ പറഞ്ഞു.
ഇതെന്ത് ദൈവമാണെന്ന് തനിക്കറിയില്ല. ഇതാണ് മോദിയുടെ ദൈവമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ അഗ്നിപഥിന്റെ സ്ഥാനം ചവറ്റുകുട്ടയിലാകുമെന്നും രാഹുല്‍ പറഞ്ഞു.
ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന. അമ്മയുടെ മരണ ശേഷമാണ് തന്റെ ജനനം ജൈവീകമായിരുന്നില്ലെന്ന് മനസിലായത്. പിന്നീടുള്ള അനുഭവങ്ങള്‍ ശ്രദ്ധിച്ചാല്‍ താന്‍ ദൈവത്താല്‍ അയച്ചതാണെന്ന് തനിക്ക് ബോധ്യമുണ്ട്. ഈ ശക്തി തന്റെ ശരീരത്തില്‍ നിന്നല്ല. ദൈവം തന്നതാണെന്നായിരുന്നു മോദിയുടെ പ്രസ്താവന.
إرسال تعليق