തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള വാക്കുതര്‍ക്കത്തിലും വിവാദത്തിലും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദു തെറ്റുകാരനല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍, പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മടക്കിയ ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ റിപ്പോര്‍ട്ടിനൊപ്പം ബസിലെ ക്യാമറ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡും വേണമെന്ന് ആവശ്യപ്പെട്ടു. കാണാതായ മെമ്മറി കാര്‍ഡിനെക്കുറിച്ച് അന്വേഷിക്കാന്‍ കെ.എസ്.ആര്‍.ടി.സി. എം.ഡിക്കു മന്ത്രി നിര്‍ദേശം നല്‍കി.
മേയറും ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവും ആരോപിക്കുന്നതുപോലുള്ള കുറ്റങ്ങള്‍ യദു ചെയ്തതായി കണ്ടെത്താനായില്ലെന്നാണ് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍. മേയറാണെന്ന് ആര്യ പറഞ്ഞതിനു ശേഷവും യദു പ്രോട്ടോക്കോള്‍ പാലിക്കാതെ സംസാരിച്ചു. അതുമാത്രമാണ് യദുവിന്റെ ഭാഗത്ത് കണ്ടെത്തിയ ഏക കുറ്റമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ബസിനുള്ളിലെ സി.സി. ടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടത് എങ്ങനെയെന്ന് ഇരുവിഭാഗത്തിനും അറിയില്ലെന്നാണ് പറയുന്നത്. സംഭവദിവസം പോലീസ് തന്നെ കസ്റ്റഡിയില്‍ എടുത്തുവെന്നും പിറ്റേന്ന് ഇറങ്ങിയപ്പോള്‍ ബസിനുള്ളിലേക്കു തനിക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്നും യദു വ്യക്തമാക്കുന്നു. കെ.എസ്.ആര്‍.ടി.സി: സി.എം.ഡിക്കും യൂണിയന്‍ നേതാക്കള്‍ക്കും മാത്രമാണ് ബസിനുള്ളില്‍ കയറാന്‍ അവകാശം. കമ്മിഷണര്‍ ഓഫീസില്‍ ഇന്നലെ പരാതി നല്‍കിയെങ്കിലും പറയുന്നത് കേള്‍ക്കാന്‍ പോലും പോലീസ് തയാറായില്ല. പകരം രസീത് നല്‍കി പറഞ്ഞയയ്ക്കുകയായിരുന്നെന്നും യദു പറഞ്ഞു.
വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മേയര്‍ വിളിച്ചതിനു പിന്നാലെ പാളയത്ത് എത്തിയ കന്റോണ്‍മെന്റ് പോലീസ് ഡ്രൈവര്‍ യദുവിനെ അറസ്റ്റ് ചെയ്തു പോലീസ് ജീപ്പിലാണ് കൊണ്ടുപോയത്. ബസ് പാളയത്തുതന്നെ ഒതുക്കിയിട്ടു. മണിക്കൂറുകള്‍ കഴിഞ്ഞ് രാത്രി ഒരുമണിക്കാണ് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം എത്തി ബസ് തമ്പാന്നൂരിലെ ഗാരേജിലേക്കു കൊണ്ടുപോയത്.
ഇവിടെവച്ചാണോ മെമ്മറി കാര്‍ഡ് കാണാതായത് എന്ന സംശയം ബാക്കിയാണ്. അതേസമയം, ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തിയശേഷമേ ബസ് പോലീസ് കസ്റ്റഡിയില്‍നിന്നും വാങ്ങേണ്ടിയിരുന്നുള്ളൂ എന്ന നിലപാടിലാണ് യൂണിയന്‍ നേതാക്കള്‍. വിജിലന്‍സ് വിഭാഗം ബസ് കൃത്യമായി പരിശോധിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നു.
നാല് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ടെസ്റ്റിങ് കഴിഞ്ഞ് ഇറങ്ങിയതില്‍ യദു ഓടിച്ച തിരുവനന്തപുരം- തൃശൂര്‍ ബസില്‍ മാത്രം മെമ്മറി കാര്‍ഡ് ഇല്ലാതായതെങ്ങനെ എന്നതാണ് ബാക്കിയാകുന്ന ചോദ്യം. അതുകൊണ്ടുതന്നെ, ഈ മെമ്മറി കാര്‍ഡ് കിട്ടിയിട്ടു മതി തുടര്‍നടപടിയെന്ന നിലപാടിലാണ് മന്ത്രി.
إرسال تعليق