കോഴിക്കോട്: വടകരയില്‍ ഓട്ടോറിക്ഷയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹത. അമിത ലഹരി ഉപയോഗമാകാം മരണത്തിന് കാരണമെന്ന നിഗമനത്തിൽ ആണ് പൊലീസ്. വടകര പുതിയാപ്പിൽ വാടകയ്ക്ക് താമസിക്കുന്ന ഷാനിഫ് നിസി എന്ന 27കാരനെയാണ് സ്വന്തം ഓട്ടോയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂര് സ്വദേശിയാണ്. ഷാനിഫിനെ ഇന്നലെ ഉച്ചയോടെ കാണാനില്ലെന്ന് ഭാര്യ വടകര പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ ഷാനിഫിന്‍റെ ലൊക്കേഷന്‍ വടകര ജെടി റോഡിന് സമീപത്തെ പെട്രോൾ പമ്പ് ആണെന്ന് വ്യക്തമായി. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഓട്ടോറിക്ഷയില്‍ മൃതദേഹം കണ്ടെത്തിയത്.
യാത്രക്കാരുടെ സീറ്റിൽ മൂക്കില്‍ നിന്ന് രകതം വാർന്ന നിലയിലായിരുന്നു മൃതദേഹം. വടകര പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. മൃതദേഹം കണ്ട സ്ഥലത്ത് ഫോറൻസിക് സംഘവും ഫിംഗർ പ്രിന്റ് വിദഗ്ധരും പരിശോധിച്ചു. ഓട്ടോയിൽ നിന്ന് ഒഴിഞ്ഞ മദ്യ കുപ്പി കണ്ടെടുത്തു.
പതിവായി ലഹരി ഉപയോഗിക്കുന്ന ശീലം ഷാനിഫിന് ഉണ്ടായിരുന്നതായി ഭാര്യ പോലീസിന് മൊഴി നൽകിയിരുന്നു. അമിതമായി ലഹരി ഉപയോഗിച്ചാൽ ഇയാൾക്ക് ബോധമില്ലാതാകുന്നത് പതിവാണെന്നും ഭാര്യയുടെ മൊഴിയിൽ ഉണ്ട്. മാസങ്ങൾക്കിടെ വടകരയിലൂം സമീപ പ്രദേശത്തും അമിത ലഹരി ഉപയോഗത്താൽ നാല് പേര്‍ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുകയാണ് പൊലീസ്.
إرسال تعليق