Join News @ Iritty Whats App Group

രാജ്യസഭാ സീറ്റു തര്‍ക്കം എല്‍ഡിഎഫില്‍ തലവേദന: ജോസ്‌കെ മാണിക്ക് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ നല്‍കിയേക്കും


തിരുവനന്തപുരം: രാജ്യസഭയിലെ കാലാവധി അവസാനിക്കുന്ന ജോസ് കെ മാണിക്ക് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി നല്‍കിയേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവമാകുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ക്യാബിനറ്റ്‌റാങ്കില്‍ വരുന്ന പദവി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്‍ എല്‍ിഡഎഫ് സര്‍ക്കാരിന്റെ കാലത്ത് വഹിച്ചിട്ടുള്ളതാണ്.

സംസ്ഥാനത്ത് രാജ്യസഭയിലേക്ക് മൂന്നംഗങ്ങളുടെ ഒഴിവാണ് ജൂലൈ ഒന്നിന് ഉണ്ടാകുന്നത്. സിപിഎമ്മിലെ എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരാണ് വിരമിക്കുന്നത്. രാജ്യസഭാ സീറ്റിനായി അവകാശമുന്നയിച്ച് കേരളാകോണ്‍ഗ്രസിന് പിന്നാലെ മറ്റു പാര്‍ട്ടികള്‍ കൂടി രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനായുള്ള പോംവഴികള്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. മൂന്ന് സീറ്റുകളില്‍ ഒരെണ്ണം സിപിഎം എടുക്കുമ്പോള്‍ മറ്റു രണ്ടു സീറ്റുകള്‍ക്കായി സിപിഐയും കേരളാകോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. ഇടതുമുന്നണിക്ക് ലഭിക്കുന്ന രണ്ടു രാജ്യസഭാ സീറ്റില്‍ ഒരു സീറ്റിനായായി ആര്‍.ജ.ഡിക്കു പിന്നാലെ എന്‍.സി.പി. കൂടി രംഗത്ത് വന്നതോടെ മുന്നണിക്കു നേതൃത്വം നല്‍കുന്ന സി.പി.എം. പ്രതിസന്ധിയിലായി.

സി.പി.ഐയും പിന്നീട് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ കക്ഷികളുടെ രംഗപ്രവേശം. സീറ്റ് കൂടിയേ തീരു എന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്. കേരളത്തില്‍ എല്‍ഡിഎഫിന് ഭരണതുടര്‍ച്ച കിട്ടാന്‍ കേരളാകോണ്‍ഗ്രസിന്റെ സാന്നിദ്ധ്യം നിര്‍ണ്ണായകമായിരുന്നെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടാല്‍ പാര്‍ട്ടിയുടെ സാധ്യത മധ്യതിരുവിതാംകൂറില്‍ കൂടുതല്‍ പരുങ്ങലിലാകും. കൂടാതെ യുഡിഎഫിലേക്ക് തിരികെ പോകണമെന്ന വാദം കേരള കോണ്‍ഗ്രസില്‍ ശക്തമാകുമെന്നും പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിക്കുന്നു.

ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിക്ക് ക്യാബിനറ്റ് റാങ്ക് വരുന്ന പദവി നല്‍കിക്കൊണ്ട് പ്രശ്‌ന പരിഹാരത്തിന് സിപിഎം ശ്രമിക്കുന്നത്. ഇതിനൊപ്പം 2027 ല്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് നല്‍കാമെന്ന് ഉറപ്പു നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ലോക്സഭ സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ രാജ്യസഭ സീറ്റ് പാര്‍ട്ടിക്ക് അനുവദിക്കണമെന്ന് ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് ആവശ്യപ്പെട്ടു. രാജ്യസഭ സീറ്റ് എല്‍ഡിഎഫ് യോഗത്തില്‍ പാര്‍ട്ടി ആവശ്യപ്പെടുമെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്ക്ക് വേണ്ടിയാണ് എന്‍സിപി രാജ്യസഭ സീറ്റ് ചോദിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group