തിരുവനന്തപുരം: സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
ആലപ്പുഴ മെഡിക്കൽ കേളജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിംഗിനെ സംബന്ധിച്ച പരാതിയിലും ചികിത്സാ പിഴവിലും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രി നിർദേശം നൽകി.
ഡോക്ടർമാരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടാവാൻ പാടില്ല. രോഗികളോട് ഇടപെടുന്പോൾ എല്ലാക്കാര്യങ്ങളും ശ്രദ്ധിച്ചു കൈകാര്യം ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയതു വലിയ വിവാദമായ സാഹചര്യത്തിലാണ് ഇന്നലെ മന്ത്രി ഉന്നതതല യോഗം വിളിച്ചത്. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജുകളുടെ പ്രിൻസിപ്പൽമാർ, ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
രോഗികളുടെ ചികിത്സാ രേഖകളും മരുന്നു കുറിപ്പടികളും ഡിജിറ്റലാക്കണം. ആലപ്പുഴ മെഡിക്കൽ കോളജിനെതിരേ ഉയർന്ന പരാതികളിൽ ഡിഎംഒ റിപ്പോർട്ട് നൽകണമെന്നും യോഗത്തിൽ മന്ത്രി നിർദേശം നൽകി.
إرسال تعليق