Join News @ Iritty Whats App Group

കാൻസര്‍ ചികിത്സയ്ക്കിടെ വീട്ടമ്മ മരിച്ചു; ചിതയ്ക്ക് തീ കൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ചയാള്‍, കണ്ണീര്‍ക്കടലായി സജനയുടെ വീട്




കണ്ണൂർ: കാൻസർ ചികിത്സയ്ക്കിടെ മരിച്ച വീട്ടമ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയത് മരിച്ചു പോയ മകന്റെ ഹൃദയം സ്വീകരിച്ചയാള്‍.

നാല്പത്തിയെട്ടുകാരി സജനയുടെ ചിതയ്ക്കാണ് മകൻ വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട കുറുങ്ങഴ ചാലുങ്കാല്‍ വീട്ടില്‍ അശോക് വി.നായർ (44) തീ കൊളുത്തിയത്.

കഴിഞ്ഞവർഷം കോഴിക്കോട്ട് ഉണ്ടായ ബൈക്കപകടത്തില്‍ പരുക്കേറ്റ വിഷ്ണുവിനായി നാട്ടുകാർ ചികിത്സാസഹായ സമിതി രൂപീകരിച്ച സമയത്താണു മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നത്.

കുടുംബമാകെ തളർന്നുപോയെങ്കിലും അവന്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ അച്ഛൻ കണ്ണൂർ‌ പൂപ്പറമ്ബ് പൂവേൻവീട്ടില്‍ ഷാജിയും അമ്മ സജനയും സഹോദരി നന്ദനയും തീരുമാനിച്ചു. വേദനയുടെയും വേർപാടിന്റെയും വിങ്ങല്‍ കാൻസർ രോഗിയായ സജനയ്ക്ക് നന്നായി അറിയാമായിരുന്നു. അവയവങ്ങള്‍ സ്വീകരിക്കുന്നവരിലൂടെ മകനെ കാണാമല്ലോ എന്നവർ ആശ്വസിച്ചു. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി, സൗജന്യമായി വിഷ്ണുവിന്റെ വൃക്കകളും ഹൃദയവും കരളും ദാനം ചെയ്തു. ഒരൊറ്റ നിബന്ധന മാത്രം വച്ചു - സ്വീകർത്താക്കളെ നേരില്‍ കാണണം.

വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച അശോക് അന്നാണ് സജനയെ ആദ്യമായി കാണുന്നത്. പിന്നീട് അശോക് ഇടയ്ക്കിടെ സജനയെ കാണാനെത്തി, വേദനകളില്‍ കൂട്ടിരുന്നു. വിഷ്ണുവിന്റെ കഥകള്‍ കേട്ടു. അങ്ങനെ, ഹൃദയംകൊണ്ട് അശോക് സജനയുടെ മകനായി. കാൻസർ ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം സജനയുടെ ഹൃദയമിടിപ്പു നിലച്ചപ്പോള്‍ അശോക് ഓടിയെത്തി. ഷാജിയുടെ അഭ്യർഥനപ്രകാരം അന്ത്യകർമം ചെയ്തു.


Post a Comment

أحدث أقدم
Join Our Whats App Group