കൊട്ടിയൂർ : വൈശാഖോത്സവത്തിന്റെ ഒരുക്കങ്ങൾ അക്കരെ കൊട്ടിയൂരിലും ഇക്കരെ കൊട്ടിയൂരിലും അതിവേഗം പുരോഗമിക്കുന്നു. വാഹന പാർക്കിങ്ങിനും കുടിവെള്ളം ലഭ്യമാക്കുന്നതിനും ഇത്തവണ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി.അക്കരെ കൊട്ടിയൂരിൽ കയ്യാലകളുടെ നിർമാണം തുടങ്ങി. 55 കയ്യാലകളാണ് നിർമിക്കുന്നത്. നീരെഴുന്നള്ളത്തിന് മുമ്പായി പൂർത്തിയാക്കും.
ഭക്തർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് അക്കരെ കൊട്ടിയൂരിൽ പുതിയ കിണറും വാട്ടർ ടാങ്കും നിർമിച്ചു. ഇതിന്റെ ജോലികളും അന്തിമഘട്ടത്തിലാണ്. പത്തോളം കിണറുകൾ ശുചീകരിച്ചു. അന്നദാനത്തിനായി ഇക്കരെ കൊട്ടിയൂരിലും അക്കരെ കൊട്ടിയൂരിലും സൗകര്യമൊരുക്കും. പുതിയ ശൗചാലയങ്ങളുടെ നിർമാണവും അന്തിമഘട്ടത്തിലാണ്. 40 ശൗചാലയങ്ങളാണ് പുതിയതായി നിർമിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള മറ്റ് ജോലികളും നടക്കുന്നുണ്ട്.
പാർക്കിങ്ങിന് കൂടുതൽ സ്ഥലം
പാർക്കിങ്ങിന് കൂടുതൽ സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഉത്സവകാലത്ത് എത്തിയ ഭക്തർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ലഭിക്കാതെവന്നത് പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന് സമീപത്തുള്ള പാർക്കിങ് ഗ്രൗണ്ടുകളും മന്ദംചേരിയിലുള്ള പാർക്കിങ് ഗ്രൗണ്ടുകളും കൂടാതെ അക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്തും പാർക്കിങ്ങിനായി സൗകര്യം ഒരുക്കും. അക്കരെ കൊട്ടിയൂർ ക്ഷേത്രപരിസരത്ത് നാല് ഏക്കറോളം സ്ഥലമാണ് ഇതിനായി സജ്ജീകരിക്കുന്നത്. 1500 ഓളം വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാനാകുമെന്നാണ് കരുതുന്നത്.ഇവിടേക്ക് എത്തിച്ചേരുന്നതിനായി പുഴയ്ക്ക് കുറുകെ ബണ്ട് നിർമിക്കും. പാർക്കിങ്ങിനായി ക്രമീകരിച്ചിരിക്കുന്ന ഗ്രൗണ്ടുകളിൽ 4000 ഓളം വാഹങ്ങൾ പാർക്ക് ചെയ്യാൻ കഴിയുമെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറയുന്നത്.
إرسال تعليق