Join News @ Iritty Whats App Group

യുവാക്കളെ പിന്തുടര്‍ന്നെത്തി ലോറി ഇടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമം


കലവൂര്‍(ആലപ്പുഴ): ദേശീയപാതയോരത്ത്‌ പുലര്‍ച്ചെ ടാങ്കര്‍ ലോറിയില്‍ നിന്നു ശൗചാലയ മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇരുചക്രവാഹന യാത്രികരെ ലോറി ഇടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത്‌ 13-ാം വാര്‍ഡ്‌ എട്ടുകണ്ടത്തില്‍ എസ്‌.അജിത്‌(23), എസ്‌.സോജു(25) എന്നിവരാണ്‌ പരുക്കുകളോടെ രക്ഷപ്പെട്ടത്‌. കഴിഞ്ഞ 29-ന്‌ പുലര്‍ച്ചെ പാതിരപ്പള്ളിക്ക്‌ സമീപമായിരുന്നു സംഭവം. സ്വകാര്യ സ്‌ഥാപനങ്ങളിലെ ജോലിക്കാരായ അയല്‍വാസികളായ സുഹൃത്തുക്കള്‍ ബൈക്കില്‍ ആലപ്പുഴ ഭാഗത്തേക്ക്‌ പോകുമ്പോഴാണ്‌ വലിയ കലവൂര്‍ ക്ഷേത്രത്തിനു തെക്ക്‌ റോഡരുകില്‍ ടാങ്കര്‍ ലോറി നിര്‍ത്തിയിട്ട്‌ മാലിന്യം തള്ളുന്നത്‌ ശ്രദ്ധയില്‍പ്പെട്ടത്‌. തുടര്‍ന്ന്‌ മൊബൈല്‍ ഫോണില്‍ ഇത്‌ പകര്‍ത്താന്‍ തുടങ്ങി. ലോറിയുടെ പിന്നിലെ നമ്പര്‍ പ്ലേറ്റ്‌ മറച്ചിരുന്നതിനാല്‍ മുന്‍ഭാഗത്തെ ദൃശ്യം എടുക്കാന്‍ ശ്രമിച്ചതോടെയാണ്‌ ഡ്രൈവറുടെയും സഹായിയുടെയും ശ്രദ്ധയില്‍പ്പെട്ടത്‌. തുടര്‍ന്ന്‌ ഇവര്‍ ലോറി മുന്നോട്ട്‌ എടുത്ത്‌ അതിവേഗം ഇവര്‍ക്ക്‌ നേരേ വരികയും ഇവരും വേഗത്തില്‍ മുന്നോട്ട്‌ പോയപ്പോള്‍ പാതിരപ്പള്ളി തെക്ക്‌ പെട്രോള്‍ പമ്പിന്‌ സമീപം പിന്നാലെ വന്ന ടാങ്കര്‍ ലോറി ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോകുകയുമായിരുന്നു. അപകടം കണ്ട്‌ പിന്നാലെ വാഹനങ്ങളില്‍ വന്നവര്‍ ചേര്‍ന്നാണ്‌ ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. അജിത്തിന്റെ നെറ്റിയിലും ഇരുകൈകളിലും ഇരുകാല്‍മുട്ടിലും കാലിന്റെ ഉപ്പൂറ്റിയിലും പരുക്കേറ്റു. സോജുവിനും കൈയ്‌ക്കും കാലിനും പരുക്കുണ്ട്‌. പരാതിയുടെ അടിസ്‌ഥാനത്തില്‍ ആലപ്പുഴ നോര്‍ത്ത്‌ പോലീസ്‌ വധശ്രമത്തിനു കേസേടുത്തു. വാഹനം കണ്ടെത്തുന്നതിനും പ്രതികള്‍ക്കുമായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ്‌ പറഞ്ഞു.
സംഭവത്തിനു പിന്നില്‍ പൂച്ചാക്കല്‍, ചേര്‍ത്തല കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ സംഘമാണെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം.

Post a Comment

أحدث أقدم
Join Our Whats App Group