Join News @ Iritty Whats App Group

ഡ്രൈവിംഗ് സ്കൂൾ സമരം തീർക്കാൻ ഇന്ന് ചർച്ച


തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നടത്തിവന്ന സമരം പരിഹരിക്കാൻ സർക്കാർ വിളിച്ച ഒത്ത് തീർപ്പ് ചർച്ച ഇന്ന് നടക്കും. മുഴുവൻ യൂണിയനുകളുമായി ഗതാഗതമന്ത്രി മൂന്ന് മണിക്ക് ചർച്ച നടത്തും. രണ്ടാഴ്ചയായി തുടരുന്ന സമരം മൂലം ടെസ്റ്റ് അനിശ്ചിതത്വത്തിലായിരുന്നു. ഇന്നലെ വിദേശത്തുനിന്നും മടങ്ങിയെത്തിയ മന്ത്രിയാണ് ചർച്ച വിളിച്ചത്. നേരത്തെ 23ന് സി ഐ ടി യുവുമായി ചർച്ച നടത്താനായിരുന്നു തീരുമാനം. സമരം കടുത്തതോടെയാണ് മുഴുവൻ സംഘടനകളെയും വിളിച്ചത്.


ഗതാഗത മന്ത്രി ചര്‍ച്ച നടത്തുമെന്ന ഉറപ്പിലാണ് നേരത്തെ സമരത്തിൽ നിന്ന് സി ഐ ടി യു പിന്നോട്ട് പോയത്. എന്നാൽ ഈ ഉറപ്പിൽ വിശ്വാസമര്‍പ്പിക്കാതെ മറ്റ് സംഘടനകൾ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു. പരിഷ്കരണം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്കൂളുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി 21 ന് പരിഗണിക്കുന്നുണ്ട്. ഈ വിധിയും നിര്‍ണായകമാകും. ഇതു വരുന്നത് വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.

ഇന്തോനേഷ്യയിലായിരുന്ന മന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിലാണ് ഇന്ന് ചര്‍ച്ച വിളിച്ചിരിക്കുന്നത്. പുതിയ പരിഷ്ക്കരണം പൂർണമായും പിൻവലിക്കണെമെന്നാണ് ഐ എൻ ടി യു സിയുടെയും സ്വതന്ത്ര സംഘടനകളുടേയും നിലപാട്. ഇക്കാര്യം ഇന്ന് മന്ത്രിക്ക് മുന്നിൽ ഉന്നയിക്കും. നിലവിലെ പരിഷ്ക്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുള്ള മന്ത്രി എന്ത് സമീപനം സ്വീകരിക്കുമെന്നതുള്ളതാണ് ശ്രദ്ധേയം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്നാണ് സംയുക്ത സമരസമിതി അറിയിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group