ചെന്നൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് 17-ാം സീസണിലെ കിരീടം നേടി. കൊല്‍ക്കത്തയുടെ മൂന്നാം ഐ.പി.എല്‍. കിരീടമാണിത്.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 113 റണ്ണിന് ഓള്‍ഔട്ടായി. 18.3 ഓവറിലാണ് സണ്‍റൈസേഴ്‌സ് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത കൊല്‍ക്കത്ത 11-ാം ഓവറില്‍ കിരീടത്തിലേക്കുള്ള റണ്ണെടുത്തു. 26 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 52 റണ്ണെടുത്ത വെങ്കടേഷ് അയ്യരും മൂന്ന് പന്തില്‍ റണ്ണെടുത്ത നായകന്‍ ശ്രേയസ് അയ്യരും ചേര്‍ന്നാണു വിജയ റണ്ണെടുത്തത്. ഓപ്പണര്‍ റഹ്‌മത്തുള്ള ഗുര്‍ബാസ് (32 പന്തില്‍ രണ്ട് സിക്‌സറും അഞ്ച് ഫോറുമടക്കം 39), സുനില്‍ നരേന്‍ (രണ്ട് പന്തില്‍ ഒരു സിക്‌സറടക്കം ആറ്) എന്നിവരാണു പുറത്തായത്. സണ്‍റൈസേഴ്‌സിന് ഗ്രൂപ്പിലോ പ്ലേഓഫിലോ കാഴ്ചവച്ച പ്രകടനത്തിന്റെ നിഴല്‍ പോലുമാകാന്‍ കഴിഞ്ഞില്ല.
ടോസ് നേടിയ ഹൈദരാബാദ് നായകന്‍ പാറ്റ് കുമ്മിന്‍സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. പാറ്റ് കുമിന്‍സ് (19 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 24) ഹൈദരാബാദിന്റെ ടോപ് സ്‌കോററായി. 23 പന്തില്‍ 20 റണ്ണെടുത്ത എയ്ദീന്‍ മാര്‍ക്രം, 17 പന്തില്‍ 16 റണ്ണെടുത്ത ഹെന്റിച് ക്ലാസാന്‍, 10 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 13 റണ്ണെടുത്ത നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരും കൊല്‍ക്കത്ത ബൗളര്‍മാര്‍ നല്‍കിയ 13 അധിക റണ്ണുമാണു സ്‌കോര്‍ നൂറിലെത്തിച്ചത്. വാശിയേറിയ പോരാട്ടം പ്രതീക്ഷിച്ച കാണികള്‍ക്ക് കൊല്‍ക്കത്തയുടെ ഏകപക്ഷീയ പ്രകടനമാണു കാണാനായത്. 2.3 ഓവറില്‍ 19 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ആന്ദ്രെ റസലാണു നൈറ്റ് റൈഡേഴ്‌സ് ബൗളര്‍മാരില്‍ മുമ്പന്‍.
മിച്ചല്‍ സ്റ്റാര്‍കും ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റ് വീതവും വൈഭവ് അറോറ, സുനില്‍ നരേന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക് കളിയുടെ ആദ്യ ഓവറില്‍ത്തന്നെ അഭിഷേക് ശര്‍മയെ (രണ്ട്) പുറത്താക്കി. രണ്ടാം ഓവറെറിഞ്ഞ വൈഭവ് അറോറ അവസാന പന്തില്‍ ട്രാവിസ് ഹെഡിനെയും (0) മടക്കി. വിക്കറ്റ് കീപ്പര്‍ റഹ്‌മത്തുള്ള ഗുര്‍ബാസ് ഹെഡിനെ പിടികൂടി. ഈ സീസണിലെ ഏറ്റവും വിഖ്യതരായ ഓപ്പണര്‍മാര്‍ ആറു റണ്ണെടുക്കുന്നതിനിടെ മടങ്ങി. അഞ്ചാം ഓവറില്‍ രാഹുല്‍ ത്രിപാഠിയും (13 പന്തില്‍ ഒന്‍പത്) മടങ്ങി. പവര്‍ പ്ലേയില്‍ ടീം നേടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വെറും 40 റണ്‍. ആറാം ഓവറില്‍ 17 റണ്‍ പിറന്നതു മാത്രമാണ് എടുത്തു പറയാനുള്ളത്. ആദ്യ അഞ്ചോവറിനിടെ പിറന്നത് ഒരു ഫോര്‍ മാത്രം. ഏഴാം ഓവറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും പുറത്തായി.
11-ാം ഓവറില്‍ മാര്‍ക്രമും പുറത്തായതോടെ ഹൈദരാബാദ് കൂപ്പുകുത്തി. പത്തോവറില്‍ 61 റണ്ണായിരുന്നു ടീം ടോട്ടല്‍. 12-ാം ഓവറില്‍ ഷഹബാസ് അഹ്‌മദ് (ഏഴ് പന്തില്‍ എട്ട്), 13-ാം ഓവറില്‍ അബ്ദുല്‍ സമദ് (നാല്), 15-ാം ഓവറില്‍ ഹെന്റിച് ക്ലാസാന്‍ എന്നിവരും പുറത്തായതോടെ ഹൈദരാബാദിന്റെ കഥ കഴിഞ്ഞു. സുനില്‍ നരേന്‍ എറിഞ്ഞ 18-ാം ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി ജയദേവ് ഉനാദ്കട്ടും (നാല്) റസലിന്റെ തൊട്ടടുത്ത ഓവറില്‍ കമിന്‍സും മടങ്ങിയതോടെ ഹൈദരാബാദിന്റെ പത്തി മടങ്ങി. ആന്ദ്രെ റസലും മൂന്നോവറില്‍ 14 റണ്‍ നല്‍കി രണ്ട് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കുമാണ് കൊല്‍ക്കത്ത ബൗളര്‍മാരിലെ ഹീറോമാരായി. ഹര്‍ഷിത് റാണ നാലോവറില്‍ 24 റണ്‍ വഴങ്ങി രണ്ട് വിക്കറ്റ് നേടി. പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റെടുക്കാനുമായി.
إرسال تعليق