മലപ്പുറം: മലപ്പുറത്ത് ഡ്രൈവിംഗ് സ്കൂളുകാരുടെ മാഫിയ സംഘം ഉണ്ടെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ മുസ്ലിം ലീഗ്. കേരളത്തിൽ മുഴുവൻ നടന്ന സമരത്തിൽ മലപ്പുറത്തെ മാത്രം എന്തിന് കുറ്റപ്പെടുത്തുന്നുവെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ചോദിച്ചു. മലപ്പുറം എന്ന പേര് കേൾക്കുമ്പോൾ ചിലർക്ക് പ്രത്യേക അസുഖം വരാറുണ്ടെന്നും പി എം എ സലാം കുറ്റപ്പെടുത്തി.
ആർഎസ്എസും, ബിജെപിയും തുടങ്ങിവെച്ചത് സിപിഎമ്മും ഇടതുമുന്നണിയും ഏറ്റെടുക്കുകയാണ്. അതിൻ്റെ ഭാഗമായിട്ടാണ് ഗതാഗത മന്ത്രി ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്. ഇത് എതിർക്കപ്പെടേണ്ടതാണ്. ഭരിക്കാൻ അറിയാത്തവരുടെ കയ്യിൽ വകുപ്പ് കിട്ടിയതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. ഗതാഗത വകുപ്പിൽ നടക്കുന്നത് തുഗ്ലക്ക് പരിഷ്കാരങ്ങളാണ്. ഭരണ വീഴ്ചയുടെ ഉത്തരവാദിത്തം മലപ്പുറത്തിന്റെ തലയിൽ കെട്ടിവയ്ക്കേണ്ട കാര്യമില്ല. മേയർ - ഡ്രൈവർ തർക്കത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് മന്ത്രിയുടെതെന്ന് സംശയിക്കുന്നുവെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.
إرسال تعليق